കൗണ്ടി കമ്മീഷണർക്ക് പ്രാർഥന നടത്താൻ ആവശ്യപ്പെടാനാവില്ലെന്ന് കോടതി
Thursday, February 16, 2017 7:15 AM IST
ഡിട്രോയ്റ്റ: മിഷിഗണ്‍ കൗണ്ടിയിൽ പൊതുയോഗത്തിനു മുന്പു കൗണ്ടി കമ്മീഷണറുടെ ഭാഗത്തുനിന്നും പ്രാർഥന നടത്തണമെന്ന് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് ഫെഡറൽ അപ്പീൽ കോടതി വിധിച്ചു. പൊതുയോഗങ്ങളിൽ പ്രാർഥന നടത്തുന്നതിന് നിയമതടസമൊന്നുമില്ലെന്നും ഫെബ്രുവരി 15ന് ഫെഡറൽ കോടതി മൂന്നംഗ ബഞ്ച് വിധിച്ചു. രണ്ടു ജഡ്ജിമാർ അനുകൂലമായും ഒരു ജഡ്ജി വിയോജിപ്പും രേഖപ്പെടുത്തി.

പരിസ്ഥിതി വിഷയങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതിന് മിഷിഗണ്‍ കൗണ്ടിയിൽ 2013ൽ വിളിച്ചു ചേർത്ത യോഗം ആരംഭിക്കുന്നതിന് മുന്പാണ് പ്രാർഥന നടത്തണമെന്ന് കമ്മീഷണർ ആവശ്യപ്പെട്ടത്. യോഗത്തിൽ പങ്കെടുത്തിരുന്ന പീറ്റർ ബോർമത്ത് കമ്മീഷണറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ജാക്സണ്‍ കൗണ്ടിയുടെ ഈ തീരുമാനത്തെ പീറ്റർ ഫെഡറൽ കോടതിയിൽ ചോദ്യം ചെയ്തു. വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ പങ്കെടുക്കുന്ന പൊതു യോഗത്തിൽ ക്രിസ്ത്യൻ പ്രാർഥന മാത്രം നടത്തുന്നത് അനുചിതമാണെന്ന് പീറ്റർ വാദിച്ചു. ഇതിനെ തുടർന്നാണ് ഫെഡറൽ അപ്പീൽ കോടതിയുടെ വിധി ഉണ്ടായത്.

അതേസമയം വിധിയെ കുറിച്ചു അഭിപ്രായം പറയാൻ ബോർഡ് ചെയർമാൻ വിസമ്മതിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ