ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് ക്രിസ്മസ് നവവത്സരം ആഘോഷിച്ചു
Monday, January 16, 2017 5:13 AM IST
ബർഗൻഫീൽഡ്: ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് ക്രിസ്മസും നവവത്സരവും ആഘോഷിച്ചു.

ജനുവരി എട്ടിന് ബർഗൻഫീൽഡിലെ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ വൈകുന്നേരം നടന്ന ആഘോഷ പരിപാടിയിൽ ക്നാനായ സഭയുടെ നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന ആർച്ച് ബിഷപ് മോർ സിൽവാനോസ് അയൂബ് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് നവവത്സര സന്ദേശം നൽകി. പാപാന്ധകാരത്തിലായിരുന്ന മാനവരാശിയെ പ്രകാശത്തിലേക്കും സ്വർഗീയ മഹിമയിലേക്കും വീണ്ടും വിളിച്ചടുപ്പിക്കുവാനാണ് സാധാരണക്കാരുടെ വേദനകളും യാതനകളും അറിയുന്ന സാധാരണക്കാരനായി എളിയ കാലിക്കൂട്ടിൽ അവരിലൊരാളായി ക്രിസ്തു അവതരിച്ചതെന്നും മനുഷ്യരുടെ നന്മയെക്കുറിച്ച് കരുതലുള്ളവനായ ദൈവം കനിഞ്ഞരുളിയ ക്രിസ്മസ് സമ്മാനമാണ് യേശുക്രിസ്തുവിന്റെ ജനനമെന്നും ദൈവപുത്രനായ ക്രിസ്തു എന്തുകൊണ്ടാണ് എളിയവനായി ജനിച്ചതെന്നുള്ള കാര്യവും ചിന്തനീയമാണ്. അതുകൊണ്ട് നാം ക്രിസ്മസ് ആഘോഷിക്കുന്ന അവസരത്തിൽ അലങ്കാരങ്ങൾക്കും വർണശബളമായ ദീപങ്ങൾക്കും നക്ഷത്ര വിളക്കുകൾക്കും സമ്മാനപ്പൊതികൾക്കും അപ്പുറമായി മഹത്തായ യഥാർഥ ലക്ഷ്യം വിസ്മരിച്ചുകൂടെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു.

ബിസിഎംസി ഫെലോഷിപ്പ് ഗായകസംഘത്തിന്റെ പ്രാരംഭ ഗാനങ്ങൾക്കുശേഷം റവ. ഡോ. പോൾ പതിക്കലിന്റെ പ്രാർഥനയോടെ യോഗം ആരംഭിച്ചു. ബിസിഎംസി ഫെലോഷിപ്പ് പ്രസിഡന്റ് അഡ്വ. റോയി ജേക്കബ് കൊടുമൺ സംസാരിച്ചു. മുപ്പതുവർഷമായി പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ ഏക്യുമെനിക്കൽ സംഘടനയാണിതെന്നും എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടേയും ഐക്യവേദിയായി സംയുക്‌തമായി ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ വിശേഷദിവസങ്ങൾ ആഘോഷിക്കുന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഫെലോഷിപ്പ് സജീവമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അമേരിക്കയിലെ ആദ്യകാല മലയാളി എക്യുമെനിക്കൽ പ്രസ്‌ഥാനമെന്ന നിലയിൽ ഇതിനു ചരിത്രപരമായ പ്രാധാന്യമാണുള്ളതെന്നും ഇതിന്റെ ആവിർഭാവവും വളർച്ചയും പ്രവർത്തനങ്ങളും വരുംതലമുറയ്ക്ക് കൈമാറത്തക്ക രീതിയിൽ ഒരു സ്മരണിക പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചുവെന്നും അതിലേക്ക് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ബർഗൻഫീൽഡ് വികാരി റവ. ലാജി വർഗീസ്, സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ച് മിഡ്ലാൻഡ് പാർക്ക് വികാരി റവ. ഫാ. ബാബു കെ. മാത്യു, സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ച് ടീനെക്ക് വികാരി റവ. മോൻസി മാത്യു, സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച് ബർഗൻഫീൽഡിനെ പ്രതിനിധീകരിച്ച് റവ. ഡീക്കൻ വിവേക് അലക്സ്, ട്രഷർ സെബാസ്റ്റ്യൻ ജോസഫ്, സെക്രട്ടറി രാജൻ മോഡയിൽ എന്നിവർ സംസാരിച്ചു.

അക്കാഡമി ഓഫ് ഇന്ത്യൻ ലാംഗ്വേജസ് ആൻഡ് ആർട്സ് വിദ്യാർഥികളായ തോമസ് ജംസൺ, ദിവ്യ അനു എന്നിവർ മലയാളത്തിൽ വേദഭാഗം വായിച്ചു.തുടർന്ന് വിദ്യാർഥികൾ മലയാളത്തിലും ഇംഗ്ലീഷിലും ഗാനങ്ങളാലപിച്ചു.

സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മിഡ്ലാൻഡ് പാർക്ക്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ബർഗൻഫീൽഡ്, ഓൾ സെന്റ്സ് സിഎസ്ഐ ചർച്ച് വാലി കോട്ടേജ്, ബഥേൽ ചർച്ച് ഓഫ് ഗോഡ്, ടീനെക്ക്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ന്യൂയോർക്ക് എന്നീ ദേവാലയങ്ങളെ പ്രതിനിധീകരിച്ചും ഹിസ് വോയിസ് ഗ്രൂപ്പും ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു. പ്രഫ. സണ്ണി മാത്യൂസ് മാസ്റ്റർ ഓഫ് സെറിമണിയായിയായിരുന്നു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ