ഫൊക്കാന കേരള കൺവൻഷൻ: അവലോകനയോഗം നീണ്ടൂർ ജെഎസ് ഫാമിൽ സംഘടിപ്പിച്ചു
Thursday, January 12, 2017 8:50 AM IST
ന്യൂയോർക്ക്: ഫൊക്കാന കേരള കൺവൻഷന്റെ ആദ്യ അവലോകന യോഗം കോട്ടയം നീണ്ടൂർ ജെഎസ് ഫാമിൽ സംഘടിപ്പിച്ചു. മേയ് അവസാനവാരം നടത്താൻ ഉദ്ദേശിക്കുന്ന ഫൊക്കാന കേരള കൺവൻഷന് കോട്ടയം, പത്തനംതിട്ട ജില്ലകളിലായി മൂന്ന് വേദികളാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പ്രഥമ പരിഗണന നൽകുന്ന നീണ്ടൂർ ജെഎസ് ഫാമിലായിരുന്നു യോഗം.

ഫൊക്കാന കേരള കൺവൻഷൻ വിപുലമായി നടത്തുവാനും ഫൊക്കാനയുടെ ടൂറിസം ജീവകാരുണ്യ പദ്ധതികൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ തുടങ്ങിയവയ്ക്കെല്ലാം കേരള കൺവൻഷൻ വേദിയാകുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. രാഷ്ര്‌ടീയ സാമൂഹ്യ, സാംസ്കാരിക, മാധ്യമ മേഖലയിലെ പ്രഗത്ഭർ പങ്കെടുക്കുന്ന ചടങ്ങുകളും കലാസന്ധ്യയും ചടങ്ങുകൾക്ക് മാറ്റുകൂട്ടും.

ഫൊക്കാന മുൻ വൈസ് പ്രസിഡന്റുകൂടിയായ ജോയ് ചെമ്മാച്ചലിന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണ് നീണ്ടൂർ ജെഎസ് കാർഷിക വിജ്‌ഞാന കേന്ദ്രം വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രം കൂടിയാണ്. ഇരുപത്തിയെട്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഫാമിൽ വിശാലമായ കൺവൻഷൻ സെന്ററും ഉണ്ട്. പരമ്പരാഗത കാർഷിക പ്രദർശന നഗരികൂടിയാണ് കൺവൻഷൻ സെന്റർ. മറ്റു രണ്ടു സ്‌ഥലം കൂടി സന്ദർശിച്ചശേഷം നാഷണൽ കമ്മിറ്റി കൂടി മാത്രമേ തീരുമാനങ്ങൾ എടുക്കുകയുള്ളുവെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

ഫൊക്കാന നേതാക്കളായ ടി.എസ്. ചാക്കോ, ജോർജ് ഓലിക്കൽ, കെ.പി. ആൻഡ്രൂസ്, സനൽ ഗോപി, ടോമി കോക്കാട്, മാത്യു കോക്കുറ, ജോയ് ചെമ്മാച്ചേൽ, മാധ്യമ പ്രവർത്തകനും ടൂറിസം പ്രോജക്ട് കോ ഓർഡിനേറ്ററുമായ റെജി ലൂക്കോസ്, അമേരിക്കൻ മലയാളി സാഹിത്യകാരൻ രാജു മൈലപ്ര, എസ്. ശ്രീ കുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ