ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ക്ലെർജി ഫെലോഷിപ്പ് നടത്തി
Thursday, January 12, 2017 8:47 AM IST
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ജനുവരി ഒമ്പതിന് ചേർന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കാ ഭദ്രാസനത്തിന്റെ ആസ്‌ഥാനമായ ഊർശ്ലേം അരമനയിൽ നടന്ന ക്ലർജി ഫെലോഷിപ്പിൽ ഭദ്രാസന അധ്യക്ഷൻ അലക്സിയോസ് മാർ യൂസേബിയോസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂസേബിയോസിന്റെ മാതാവിന്റെ വേർപാടിൽ എക്യുമെനിക്കൽ കമ്യൂണിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ഫാ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പാ പ്രാരംഭ പ്രാർഥന നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി റവ. കെ.ബി. കുരുവിള സ്വാഗത പ്രസംഗം നടത്തി. സങ്കീർത്തനങ്ങൾ 71–ാം അധ്യായം ആസ്പദമാക്കി യൂസേബിയോസ് നടത്തിയ ധ്യാന പ്രസംഗത്തിൽ ദൈവത്തിന്റെ ശുശ്രൂഷകരായി മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുവാൻ ദൈവം കൃപ നൽകട്ടെയെന്ന് ഉദ്ബോധിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ എല്ലാ വൈദികരും പങ്കെടുത്തു.

ഇമ്മാനുവൽ മാർത്തോമ ഇടവക വികാരി റവ. ജോൺസൺ ഉണ്ണിത്താന്റെ പ്രാർഥനയോടും തിരുമേനിയുടെ ആശീർവവാദത്തോടുംകൂടി യോഗം സമാപിച്ചു. ക്ലർജി ഫെലോഷിപ്പിന്റെ അടുത്ത യോഗം ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിൽ ഏപ്രിലിൽ നടക്കുമെന്ന് ഓർഗനൈസിംഗ് സെക്രട്ടറി റവ. കെ. ബി. കുരുവിള അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി