ന്യൂയോർക്കിൽ വൈസ് മെൻസ് ക്ലബ് സംയുക്‌ത ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു
Thursday, January 12, 2017 8:43 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലുള്ള മൂന്നു വൈസ് മെൻസ് ക്ലബുകൾ സംയുക്‌തമായി ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചു.

ലോംഗ് ഐലൻഡിലെ കൊട്ടിലിയൻ റസ്റ്ററന്റിൽ നടന്ന പരിപാടിയിൽ പ്രഫ. ജോസഫ് ചെറുവേലി മുഖ്യ സന്ദേശം നൽകി. അനന്തമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ വലിയ ലോകത്തിലെ സൂര്യൻ പോലും ചെറു തരികൾ മാത്രമാണ് എന്ന് തിരിച്ചറിയുമ്പോൾ മാത്രമാണ് നമ്മുടെ എളിയ ജീവിതത്തിൽ സമയവും കാലത്തിന്റെയും പ്രസക്‌തി ഉൾക്കൊള്ളാനാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ഈ സമൂഹത്തിനായി എന്ത് തിരിച്ചു കൊടുക്കുന്നു എന്നതാണ് ക്രിസ്മസ് ഓർമിപ്പിക്കുന്ന മഹാ സന്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീസ് ലൂക്കോസ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി.

തുടർന്ന് വിവിധ ക്ലബുകൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. റീജണൽ ഡയറക്ടർമാരായ ഷാജു സാം, എലെക്ട് ഷാജി ചാമക്കാല, സെക്രട്ടറി കോരസൺ വർഗീസ്, ഡോ. അലക്സ് മാത്യു, ജോസഫ് കാഞ്ഞമല എന്നിവർ പ്രസംഗിച്ചു. ഹെയ്സൽ ജേക്കബ് പരിപാടികൾ നിയന്ത്രിച്ചു.

ലോംഗ് ഐലൻഡ്, ഫ്ളോറൽ പാർക്ക്, വെച്ചെസ്റ്റർ ക്ലബുകൾ ഒന്നായി, ഇദംപ്രഥമമായി നടത്തപ്പെട്ട പരിപാടികൾക്ക് നോർത്ത് അറ്റ്ലാന്റിക് റീജൺ ഡയറക്ടർ ഷാജു സാം, ക്ലബ് പ്രസിഡന്റുമാരായ വർഗീസ് ലൂക്കോസ്, ഡോ. അലക്സ് മാത്യു, ജോസഫ് കാഞ്ഞമല എന്നിവർ നേതൃത്വം നൽകി.