സ്റ്റീവനേജ് പാരീഷ് ഡേ വർണാഭമായി
Monday, November 20, 2017 10:36 AM IST
സ്റ്റീവനേജ്: വെസ്റ്റ് മിൻസ്റ്റർ ചാപ്ലൈൻസിയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രമായ സ്റ്റീവനേജിലെ കമ്യൂണിറ്റി തങ്ങളുടെ പ്രഥമ പാരീഷ് ദിനാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഹോളിഡേ ഇന്നിൽ നടന്ന പാരീഷ് ദിനാഘോഷത്തിൽ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് പാരീഷ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

കുടുംബ ബന്ധങ്ങളെ കാര്യമാത്ര പ്രസക്തമായി തന്‍റെ സന്ദേശത്തിലൂന്നി സംസാരിച്ച പിതാവ് ദൈവ കല്പനകളും തിരു ലിഖിതങ്ങളും പാലിച്ചു ജീവിക്കുന്നവരുടെ മക്കൾ അനുസരണയുള്ളവരായിരിക്കും. വിവാഹമെന്ന കൂദാശയിൽ ദൈവത്തെ സാക്ഷ്യമാക്കി വാഗ്ദാനങ്ങൾ നൽകി ആശീർവദിച്ചു തുടങ്ങുന്ന ബന്ധങ്ങൾ ഉലച്ചിലില്ലാതെ നയിക്കപ്പെടണമെന്നും പ്രാർഥനയിലും സ്നേഹത്തിലും അധിഷ്ഠിതമായി ബന്ധം കാത്തു സൂക്ഷിക്കുവാൻ കടമയുണ്ടെന്നും മാർ സ്രാന്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു. ഇണയുടെ കുറവുകളെ തേടി പോവുകയല്ല അവരിലെ ന·കളെ കണ്ടെത്തലാണ് കുടുംബ വിജയങ്ങളുടെ അടിസ്ഥാനവും അതാണ് കുടുംബത്തെ ദൈവത്തോട് ഗാഢമായി ചേർക്കുക എന്നും മാർ സ്രാന്പിക്കൽ കൂട്ടിചേർത്തു.

ചാപ്ലൈനും സ്റ്റീവനേജ് പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഫാ.സോണി കടന്തോട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു ബൈബിൾ സംഭവങ്ങളുടെ പുനരാവിഷ്ക്കാരമായ സമാഗമവും ആല്മീയ ചൈതന്യം മുറ്റിയ ഫാത്തിമായുടെ സന്ദേശവും വിശ്വാസ പ്രഘോഷണങ്ങളായ കലാപ്രകടനങ്ങളും ദിവ്യ സന്ദേശങ്ങൾ വിളിച്ചോതിയ ദൃശ്യാവിഷ്കാരങ്ങളും ആല്മീയ ശോഭ നിറച്ച അദ്ഭുത വേദി മുഴു നീളം ആസ്വാദ്യകരമായി.

ക്യാറ്റക്കിസം ബൈബിൾ കലോത്സസവം തുടങ്ങിയവയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ മാർ സ്രാന്പിക്കൽ വിതരണം ചെയ്തു. നാഷണൽ ബൈബിൾ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ അല്മാ സോയിമോനെ പ്രത്യേക അച്ചീവ്മെന്‍റ് അവാർഡ് നൽകി ആദരിച്ചു. ട്രസ്റ്റിമാരായ അപ്പച്ചൻ കണ്ണഞ്ചിറ, ജിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.