എഎഫ്ഡിയിൽ കലാപം: പാർട്ടി അധ്യക്ഷ പുറത്ത്
Tuesday, September 26, 2017 10:49 AM IST
ബെർലിൻ: അഭിപ്രായ സർവേ ഫലങ്ങളെയും തകിടംമറിച്ച് 12.6 ശതമാനം വോട്ടുമായി, ചരിത്രത്തിലാദ്യമായി ജർമൻ പാർലമെന്‍റിൽ ഇടം നേടിയ എഎഫ്ഡിയിൽ കലാപക്കൊടി ഉയർന്നു. പാർട്ടി അധ്യക്ഷ ഫ്രൗക്കെ പെട്രി പാർലമെന്‍റ് ഗൂപ്പിന്‍റെ തലപ്പത്ത് വരില്ലെന്നു പ്രഖ്യാപിച്ച് വാർത്താ സമ്മേളനം നടത്തിയതിനിടയിൽ നിന്ന് ഇറങ്ങിപ്പോയി.

അപ്രതീക്ഷിതമായി പാർട്ടിക്കു ലഭിച്ച വോട്ടും ജനപിന്തുണയും 94 അംഗങ്ങളുടെ പാർലമെന്‍റ് പ്രവേശനവും അത്യന്തം ആവേശത്തോടെ രാജ്യമെങ്ങും ആഘോഷിക്കുന്നതിനിടയിലാണ് പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. രണ്ടു ചേരികളിലായി നേതാക്കൾ തിരിഞ്ഞതുതന്നെ ഒരു പിളർപ്പിന്‍റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ഇതിനിടെ പെട്രി അനവസരത്തിൽ ഉയർത്തിയ ഒച്ചപ്പാടിന്‍റെ വെളിച്ചത്തിൽ പെട്രിയെയും ഭർത്താവ് മാർക്കൂസ് പ്രെറ്റ്സലിനെയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി വാർത്ത വന്നു. അതേസമയം തന്നെ പുറത്താക്കിയതല്ലെന്നും താൻ തനിയെ പുറത്തുവന്നതാണെന്നും കാണിച്ച് പെട്രി വാർത്ത സമ്മേളനം നടത്തുകയും ചെയ്തു.

എന്നാൽ, പാർലമെന്‍റിൽ ക്രിയാത്മക പ്രതിപക്ഷമാകാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് ഉപാധ്യക്ഷ ആലിസ് വീഡൽ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുൻപു തന്നെ ഇടഞ്ഞു നിൽക്കുകയായിരുന്നു പെട്രി. ആലിസ് വീഡൽ തന്നെയാണ് പ്രായോഗിക തലത്തിൽ പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിച്ചത്.

പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച ശേഷം പാർലമെന്‍റിലെ കാര്യങ്ങൾ ആലോചിക്കാമെന്ന നിലപാടാണ് പെട്രി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ അവർ പാർലമെന്‍റിലേക്കു നേരിട്ടു വിജയിച്ചതാണ്. എംപിയായി പ്രവർത്തിക്കുമെങ്കിലും പാർട്ടി അധ്യക്ഷയായി താനുണ്ടാകില്ലെന്നായിരുന്നു അവരുടെ പ്രഖ്യാപനം.

വിദേശികൾക്കെതിരെ ശക്തമായി ആഞ്ഞടിക്കുന്ന പാർട്ടിയാണ് അഭിനവ നാസിയെന്നറിയപ്പെടുന്ന എഎഫ്ഡി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പാർട്ടിയംഗങ്ങൾക്കു പുറമെ അനുഭാവികളും അതിലുപരി ചാർസലർ മെർക്കലിനോടുള്ള നിഷേധവോട്ടും നേടിയാണ് ഇവർ 94 അംഗങ്ങളെ പാർലമെന്‍റിൽ എത്തിച്ചത്. മെർക്കലിന്‍റെ അഭയാർഥി നയത്തോടുള്ള ശക്തമായ എതിർപ്പും ചെയ്തികളോടുള്ള അവമതിപ്പും വോട്ടർമാരെ ഇത്തരുണത്തിൽ ചിന്തിപ്പിക്കാൻ ഇടയാക്കി.

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള ഏറ്റവും ഒടുവിലത്തെ സർവേകളിൽ ഓരോ രണ്ടു വോട്ടർമാരിൽ ഒരാൾ എഫ്ഡിയെ പിന്തുണച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ ഒരു ചെറിയ ഗ്രാമത്തിൽ പോൾ ചെയ്തതിന്‍റെ 47 ശതമാനം വോട്ടും എഎഫ്ഡിയുടെ പെട്ടിയിൽ വീണതായി വെളിപ്പെടുന്നു.

ഇതിനിടെ മെർക്കൽ മുന്നണി കൂട്ടുകെട്ടിനായി ചർച്ചകൾ ശക്തമാക്കി. ജെമൈക്ക മോഡൽ എന്ന പേരിലുള്ള സിഡിയു, എഫ്ഡിപി, ഗ്രീൻ പാർട്ടികൾ ഉൾപ്പെട്ട ഭരണസഖ്യത്തിന്‍റെ പ്രാഥമിക ചർച്ചകളിൽ മെർക്കൽ സഖ്യകക്ഷികൾക്കായി വിട്ടുവീഴ്ചകളോടെ പ്രധാന വകുപ്പുകൾ നൽകാമെന്നുള്ള വാഗ്ദാനം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

വലത്തേക്കു പോയ വോട്ടുകൾ തിരിച്ചു പിടിക്കും: മെർക്കൽ

തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി ജർമൻ പാർലമെന്‍റിൽ 12.6 ശതമാനം വോട്ട് നേടിയ സാഹചര്യം ഇനി ആവർത്തിക്കില്ലെന്ന് ചാൻസലർ ആംഗല മെർക്കൽ. വലത്തേക്കു പോയ വോട്ടുകൾ തിരിച്ചുപിടിക്കുമെന്നും അവർ പ്രഖ്യാപിച്ചു.

കുടിയേറ്റത്തിനെതിരേ ശക്തമായ നിലപാട് തുടരുമെന്നാണ് എഎഫ്ഡി നേതാക്കൾ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിച്ചത്. എന്നാൽ, പാർട്ടി നേതൃത്വത്തിൽ ഇതിനകം തമ്മിലടി തുടങ്ങിയത് അവരുടെ പുരോഗതി എത്രത്തോളം എത്തുമെന്ന കാര്യത്തിൽ ഇപ്പോൾ തന്നെ സംശയമുണർത്തുന്നു.

ജയിച്ച തെരഞ്ഞെടുപ്പുകളിലെ ഏറ്റവും മോശം പ്രകടനവുമായാണ് സിഡിയു അധികാരത്തിലേറുന്നത്. എഎഫ്ഡി നടത്തിയ മുന്നേറ്റത്തിന്‍റെ അപകടം മെർക്കൽ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആരോപണങ്ങൾ ഉയർന്നു തുടങ്ങി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ