ജർമൻ ഗോവക്കാരടെ കുട്ടികൾക്ക് സ്വദേശത്തേക്ക് സ്വാഗതം
Thursday, July 20, 2017 3:18 AM IST
ഫ്രാങ്ക്ഫർട്ട്: വിദേശത്ത് താമസിക്കുന്ന ഗോവക്കാരടെ 18 നും 28 നും ഇടക്ക് പ്രായമുള്ള കുട്ടികൾക്ക് ഗോവയിലേക്ക് സ്വാഗതം. ഗോവയെക്കുറിച്ച് കൂടുതൽ അറിയാനും, പൈതൃക സ്മാരകങ്ങളും, സ്ഥലങ്ങളും സന്ദർശിക്കാനും, ഗോവയുടെ പ്രകൃതിഭംഗിയും, ടൂറിസവും ആസ്വദിക്കാനും ഈ അവസരം ഉപയോഗപ്രദമാണ്. ഗോവ ഡിപ്പാർട്ട്മെന്‍റ് ഓഫ് എൻആർഐ അഫയേഴ്സ് ആണ് ഈ ഗോവൻ ഡിയാസ്പോറ യൂത്ത് പ്രോഗ്രാം നടത്തുന്നത്.

ഇന്ത്യയെ തിരിച്ചറിയുക എന്ന പ്രോഗ്രാമിൽ പങ്കെടുത്തവർക്കു ഈ ഗോവയെ തിരിച്ചറിയൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ അർഹതയില്ല. ജർമനിയിൽ താമസിക്കുന്നവർ ഇതിനുള്ള നിർദിഷ്ട അപേക്ഷഫോറം പൂരിപ്പിച്ച് ബെർലിനിലെ ഇന്ത്യൻ എംബസി മുഖേന അയയ്ക്കണം. ഇതിന് തിരഞ്ഞെടുക്കപ്പെടുന്നവർ ജർമനിയിൽ നിന്നും ഗോവയിലേക്കും, തിരിച്ച് ഡൽഹിയിൽ നിന്നും എയർ ടിക്കറ്റ് എടുക്കണം. ഈ എയർ ടിക്കറ്റിന്‍റ 90 ശതമാനം ഗോവാ ഡിപ്പാർട്ട്മെന്‍റ് ഓഫ് എൻആർഐ. അഫയേഴ്സ് തിരിച്ച് നൽകും. പ്രോഗ്രാമിന് വരുന്നവർക്ക് ഗോവ മിറാമർ റസിഡൻസി ഹോട്ടലിൽ താമസവും മുഴുവൻ ഭക്ഷണവും, ഗോവയെ തിരിച്ചറിയൽ പ്രോഗ്രാമും ലഭിക്കും.

ഗോവയെ തിരിച്ചറിയൽ പ്രോഗ്രാമിന് ശേഷം ഗോവാ-ഡൽഹി ഫ്രീ എയർ ടിക്കറ്റും, ഡൽഹിയിൽ ഗോവ ദിവാസ് ഹോട്ടൽ താമസം, ഭക്ഷണം, ഡൽഹി, ആഗ്രാ ടൂർ എന്നിവ സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാഫോറത്തിനും ബെർലിനിലെ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. https://www.indianembassy.de/pages.php?id=14410

റിപ്പോർട്ട്: ജോർജ് ജോണ്‍