വിമത ഇറേനിയൻ സംവിധായകന് കാൻസ് ഫിലിം ഫെസ്റ്റ് പുരസ്കാരം
Monday, May 29, 2017 8:04 AM IST
പാരീസ്: ഇറേനിയൻ ഭരണകൂടത്തിനെതിരായ നിലപാടുകളുടെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടിട്ടുള്ള സംവിധായകൻ മുഹമ്മദ് റുസോലോഫിന് കാൻസ് ചലച്ചിത്രോത്സവത്തിൽ പുരസ്കാരം. അണ്‍സേർട്ടൻ റിഗാർഡ് വിഭാഗത്തിലെ പരമോന്നത പുരസ്കാരമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

പ്രാദേശിക നേതാക്കളും വ്യവസായികളും തമ്മിലുള്ള അഴിമതി കൂട്ടുകെട്ടിൽ നട്ടംതിരിയുന്ന സ്വർണമത്സ്യ കർഷകന്‍റെ കഥയാണ് ലേർഡ് എന്ന സിനിമയിലൂടെ അദ്ദേഹം പറയുന്നത്.

ആറു വർഷം മുൻപ്, ജയിലിൽ കഴിയുന്പോൾ ഇതേ വിഭാഗത്തിൽ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരവും റുസോലോഫ് നേടിയിരുന്നു. 2010 മുതൽ ആറു വർഷമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. മുഹമ്മദ് അഹമ്മദിനെജാദ് രണ്ടാം വട്ടം ഇറേനിയൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളെ അധികരിച്ച് ഡോക്യുമെന്‍ററി തയാറാക്കിയതിനായിരുന്നിത്. ഇരുപതു വർഷത്തേക്ക് സിനിമയെടുക്കുന്നതിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. എന്നാൽ, അപ്പീൽ നൽകിയതിനെത്തുടർന്ന് ഇത് ഒരു വർഷമായി ചുരുക്കുകയായിരുന്നു. എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും കൊല്ലപ്പെടുന്നതു പ്രമേയമാക്കിയ, മാനുസ്ക്രിപ്റ്റ്സ് ഡോണ്‍ട് ബേണ്‍ എന്ന അദ്ദേഹത്തിന്‍റെ സിനിമ 2013ലെ കാൻസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.

കാൻസിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയിരിക്കുന്നത് റൂബൻ ഓസ്റ്റ്ലൻഡ് സംവിധാനം ചെയ്ത ദ സ്ക്വയർ എന്ന ചിത്രമാണ്. 19 സിനിമകൾ മത്സരിച്ച പാം ഡി ഓർ വിഭാഗത്തിലാണ് സ്വീഡിഷ് ചിത്രത്തിന്‍റെ നേട്ടം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ