കോട്ടയം അതിരൂപതക്ക് പിറവത്തും ബംഗളൂരുവിലും പുതിയ ഫൊറോനകൾ
Monday, March 27, 2017 5:22 AM IST
ബംഗളൂരു: കോട്ടയം അതിരൂപതയിൽ നിലവിലെ 12 ഫൊറോനകൾക്കു പുറമേ പിറവവും ബംഗളൂരുവും കേന്ദ്രമാക്കി രണ്ടു പുതിയ ഫൊറോനകൾകൂടി. കടുത്തുരുത്തി ഫൊറോനയിൽപ്പെട്ട പിറവം, എറണാകുളം, മാങ്കിടപ്പള്ളി, വെള്ളൂർ, രാമമംഗലം എന്നീ ഇടവകകളെ ഉൾപ്പെടുത്തിയാണു പിറവം കേന്ദ്രമായി പുതിയ ഫൊറോനയ്ക്കു രൂപം നൽകിയിരിക്കുന്നത്. പിറവം ഫൊറോന ഉദ്ഘാടനം മേയ് ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് ഫൊറോന കേന്ദ്രമായ പിറവം വിശുദ്ധ രാജാക്ക·ാരുടെ ദൈവാലയത്തിൽ നടത്തും.

കർണാടകത്തിലെ ക്നാനായ കത്തോലിക്കാ ഇടവകകൾ ചേർത്തു രൂപം നൽകുന്ന ബംഗളൂരു സ്വർഗറാണി ഫൊറോനയിൽ ബംഗളൂരു, നെല്ലിയാടി, കടബ, അജ്കർ എന്നീ ഇടവകകൾ ഉൾപ്പെടും. ബംഗളൂരു ഫൊറോന ഉദ്ഘാടനം മേയ് 14നു രാവിലെ 11.30ന് കടബയിൽ നടത്തുന്ന കർണാടക ക്നാനായ കത്തോലിക്കാ കുടുംബസംഗമത്തിൽ നടത്തും. പുതിയ ഫൊറോനകളുടെ ഉദ്ഘാടന ചടങ്ങുകളിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പണ്ട ാരശേരിൽ, വൈദിക, പാസ്റ്ററൽ കൗണ്‍സിൽ, പാരിഷ് കൗണ്‍സിൽ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.