ഈസ്റ്റർ-വിഷു അവധിക്ക് 19 സ്പെഷൽ ബസുകളുമായി കർണാടക ആർടിസി
Saturday, March 25, 2017 5:35 AM IST
ബംഗളൂരു: ഈസ്റ്റർ- വിഷു അവധിക്ക് നാട്ടിലെത്താൻ മലയാളികൾ കേരള ആർടിസിയുടെ സ്പെഷൽ സർവീസുകളും കാത്തിരിക്കുന്പോൾ ഒരുമുഴം മുന്നേയെറിഞ്ഞ് കർണാടക ആർടിസി. 19 സ്പെഷൽ ബസുകളാണ് കർണാടക ആർടിസി കേരളത്തിലേക്ക് പ്രഖ്യാപിച്ചത്. തിരക്ക് കൂടുതലുള്ള ഏപ്രിൽ 12, 13 തീയതികളിലാണ് സ്പെഷൽ സർവീസുകൾ. കോട്ടയത്തേക്ക് മൂന്ന് വോൾവോ ബസുകളും ഒരു എസി സ്ലീപ്പറും എറണാകുളത്തേയ്ക്കും തൃശൂരിലേയ്ക്കും നാലു വോൾവോ വീതം, പാലക്കാട്ടേക്ക് മൂന്നു വോൾവോ, കോഴിക്കോട്ടേയ്ക്ക് രണ്ട് വോൾവോ, കണ്ണൂരിലേക്ക് ഒരു വോൾവോയും ഒരു നോണ്‍ എസിയും എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം മിക്ക ബസുകളിലെയും ടിക്കറ്റുകൾ വിറ്റുതീർന്നു. യാത്രാത്തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.

അവധിക്ക് കേരളത്തിലേക്കുള്ള കേരള ആർടിസിയുടെയും കർണാടക ആർടിസിയുടെയും പതിവു സർവീസുകളിൽ ടിക്കറ്റ് നേരത്തെ തന്നെ തീർന്നിരുന്നു. അതേസമയം, കേരള ആർടിസി സ്പെഷൽ ബസുകൾ സംബന്ധിച്ച് ഇതുവരെ വ്യക്തതയുണ്ട ായിട്ടില്ല. ഇത്തവണയെങ്കിലും സ്പെഷൽ സർവീസുകൾ നേരത്തെ പ്രഖ്യാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. സ്പെഷൽ ബസുകളുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും തീരുമാനമായിട്ടില്ല. ഇതു മുതലെടുത്താണ് കർണാടക ആർടിസി സ്പെഷൽ ബസുകൾ ഇറക്കിയത്. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് അനുവദിച്ച സ്പെഷൽ ട്രെയിനിലും ടിക്കറ്റ് തീർന്നു. അതേസമയം, തിരക്ക് മുതലെടുത്ത് സ്വകാര്യബസുകൾ അമിതചാർജ് ഈടാക്കുന്നതായി പരാതിയുണ്ട്.