ബ്രിസ്കയുടെ സർഗോത്സവവും കലാസന്ധ്യയും 25ന്
Tuesday, February 21, 2017 3:03 AM IST
ലണ്ടൻ: ബ്രിസ്റ്റോൾ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയുടെ ഈ വർഷത്തെ സർഗോത്സവവും കലാസന്ധ്യയും ഫെബ്രുവരി 25ന് (ശനി) സൗത്ത്മീഡ് കമ്യൂണിറ്റി ഹാളിൽ അരങ്ങേറും. രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെ നാല് സ്റ്റേജുകളിലായാണ് മത്സരങ്ങൾ.

ബ്രിസ്റ്റോളിലെ കലാമേളയ്ക്ക് പുതിയ മട്ടും ഭാവവും നൽകിയാണ് ഈ വർഷം ബ്രിസ്ക കലാമേളയെ സർഗോത്സവമായി അണിയിച്ചൊരുക്കുന്നത്. വാശിയേറിയ മത്സരങ്ങളാകും ഇക്കുറിയും അരങ്ങേറുക. കളറിംഗ്, പെയിന്‍റിംഗ് മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ നൃത്ത മത്സരങ്ങൾ എന്നിങ്ങനെ വിവിധയിനം മത്സരങ്ങളാണ് ബ്രിസ്ക കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയിരിക്കുന്നത്. പ്രായം പരിഗണിച്ച് ആറ് ഗ്രൂപ്പുകളിലായി മത്സരാർഥികളെ വേർതിരിച്ചിട്ടുണ്ട്. ഒരാൾക്ക് പരമാവധി അഞ്ച് മത്സരങ്ങളിൽ പങ്കെടുക്കാം. അഞ്ച് പൗണ്ടാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഫീസ്.

രാവിലെ നടക്കുന്ന മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ വിതരണം ചെയ്യും. ബ്രിസ്റ്റോളിലെ കലാകാര·ാർ അവതരിപ്പിക്കുന്ന കലാസന്ധ്യ ബ്രിസ്ക സർഗോത്സവത്തിനെ കൂടുതൽ ആകർഷകമാക്കും. മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും ഒരുക്കുന്നുണ്ട്.

സർഗോത്സവത്തിന് ഇനിയും പേരുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്‍റ് മാനുവൽ മാത്യുവും ബ്രിസ്ക ആർട്സ് കോഓർഡിനേറ്റർമാരായ സെബാസ്റ്റ്യൻ ലോനപ്പനും സന്ദീപ് കുമാറും അറിയിച്ചു.

വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ ലോനപ്പൻ 07809294312, സന്ദീപ് കുമാർ 07412653401 .

റിപ്പോർട്ട്: ജെഗി ജോസഫ്