യുഎസ് എന്നും യൂറോപ്പിന്‍റെ സഖ്യകക്ഷി: വൈസ് പ്രസിഡന്‍റ്
Monday, February 20, 2017 10:23 AM IST
ബെർലിൻ: യുഎസ് എന്നും യൂറോപ്പിന്‍റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ വാഗ്ദാനം. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ അദ്ദേഹം ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പു നൽകിയത്.

നാറ്റോയ്ക്കുള്ള പിന്തുണ യുഎസ് കുറയ്ക്കാൻ ശ്രമിക്കുന്നു എന്ന ആശങ്കകൾക്കിടെയാണ് പെൻസിന്‍റെ പുതിയ പ്രഖ്യാപനം. യൂറോപ്പുമായുള്ള സഖ്യം പൂർവാധികം ശക്തിയായി തുടരുന്നതിന് പ്രസിഡന്‍റ് ട്രംപും യുഎസ് ജനതയും പ്രതിജ്ഞാബദ്ധമാണെന്ന് പെൻസ് കൂട്ടിച്ചേർത്തു.

അതേസമയം, സഖ്യകക്ഷികൾ എല്ലാവരും അവരുടെ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നില്ലെങ്കിൽ യുഎസിനും മാറി നിൽക്കേണ്ടി വരുമെന്ന മുന്നറിയിപ്പു നൽകാനും പെൻസ് മടിച്ചില്ല. ട്രംപ് നേരത്തെ നടത്തിയ ഭീഷണിയുടെ ലഘൂകരിച്ച രൂപം തന്നെയാണ് ഈ മുന്നറിയിപ്പും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ