നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രം ചോറ്റാനിക്കര ഭഗവതി ക്ഷേത്രമായി അറിയപ്പെടണം: അക്കീരമണ്‍
Monday, February 20, 2017 4:20 AM IST
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചോറ്റാനിക്കര ഭഗവതിയുടെ ചൈതന്യം കുടികൊള്ളുന്നുവെന്നും ഇനി മുതൽ ക്ഷേത്രം ചോറ്റാനിക്കര ഭഗവതി ക്ഷേത്രമായി അറിയപ്പെടണമെന്നത് അനിവാര്യമാണെന്നും അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാട്. കേരളത്തിനു വെളിയിൽ പൊങ്കാലയിടുന്ന വടക്കേ ഇന്ത്യയിലെ ആദ്യത്തെ ക്ഷേത്രമായ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനെട്ടാമത് വലിയ പൊങ്കാല മഹോത്സവത്തിൽ പണ്ടാര അടുപ്പിൽ അഗ്നി പകർന്ന ശേഷം നടത്തിയ ആത്മീയ പ്രഭാഷണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാംസ്കാരിക സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് പി.ആർ. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാട്, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സി. കേശവൻ കുട്ടി, ജനറൽ സെക്രട്ടറി സി ചന്ദ്രൻ, ട്രഷറർ പി. രവീന്ദ്രൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്‍റ് രാജേഷ് കുമാർ, ക്ഷേത്രത്തിന്‍റെ രക്ഷാധികാരി പൊന്നപ്പൻ പിള്ള, ട്രസ്റ്റ് മുൻ വൈസ് പ്രസിഡന്‍റ് സുദർശനൻ, കൗണ്‍സിലർ കൃഷ്ണ പഹൽവാൻ, ഗെഹ്ലോട്ട് എംഎൽഎ, ഫയർ ഓഫീസർ സുന്ദർ ഷെരാവത്, ട്രസ്റ്റ് ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

പൊങ്കാലയർപ്പിക്കുവാൻ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങൾ എത്തിചേർന്നു. ഇത്തവണ പതിവിൽ കവിഞ്ഞ തിരക്കായിരുന്നു. രാവിലെ നിർമാല്യദർശനത്തിനുശേഷം മഹാ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകന്പടിയോടെ ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടത്തിരിപ്പാട് ശ്രീകോവിലിൽ നിന്നും ദിവ്യാഗ്നി എഴുന്നള്ളിച്ചു പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ സ്ത്രീകൾ വായ്ക്കുരവയുമായി ശ്രീ ഭഗവതിയെ സ്തുതിച്ചു. കിഴികളിൽ പകർത്തിയ ദീപനാളങ്ങളാൽ ഭക്തജനങ്ങൾ സ്വയം അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് പകർന്നപ്പോൾ ഉണ്ടായ ധൂമപടലങ്ങളാൽ പൊങ്കാലക്കായി ഒരുക്കിയ വയലേലകളും പരിസര പ്രദേശങ്ങളും മേഘാവൃതമായി. തിരുമേനിമാർ ഭക്തരുടെ തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർഥം തളിച്ചു. ക്ഷേത്ര മേൽശാന്തി അഖിൽ ദേവ്, തന്ത്രിയോടൊപ്പം ശശികുമാർ നന്പൂതിരി എന്നിവർ പരികർമികളായിരുന്നു.

മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും നടന്നു. തുടർന്നു ഉച്ച ദീപാരാധന നടന്നു. രാവിലെ ആറു മുതൽ വികാസ്പുരി ശ്രീ ശാരദാ ദേവി ഭജന സമിതി ക്ഷേത്രാങ്കണത്തിൽ സ്തുതി ഗീതങ്ങൾ ആലപിച്ചു. ഒന്പതു മുതൽ ഹംസധ്വനി മെഹ്റോളി ഭജനാർച്ചന നടത്തി.

പുലർച്ചെ മുതൽ ക്ഷേത്രാങ്കണത്തിലെ കൗണ്ടറുകളിൽ നിന്നും പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും വാങ്ങുവാൻ ഭക്തജനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. പൊങ്കാല സമർപ്പണത്തിനുള്ള സാധന സാമഗ്രികൾ ക്ഷേത്രത്തിലെ കൗണ്ടറിൽ നിന്നും വിതരണം ചെയ്തു. പൊങ്കാലയിടുന്ന സ്ത്രീജനങ്ങൾക്കായി അന്നദാനത്തിനു പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിരുന്നു. ക്ഷേത്രത്തിലേക്ക് അതാതു സ്ഥലങ്ങളിൽ നിന്നുമുള്ള സംഘാടകർ യാത്രാ സൗകര്യവും സജ്ജമാക്കിയിരുന്നു.ഉച്ചക്ക് ശ്രീ ഭഗവതിയുടെ ഇഷ്ട പ്രസാദമായ അന്നദാനത്തിന് ആയിരക്കണക്കിനു ഭക്തജനങ്ങൾ പങ്കെടുത്തു. ഉച്ചപൂജയോടുകൂടി മഹോത്സവചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി