ജർമൻ പാർലമെന്‍റ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ നീക്കം
Monday, January 23, 2017 10:03 AM IST
ബെർലിൻ: ജർമനിയിൽ നിലവിലെ പാർലമെന്‍റ്(ബുണ്ടസ്ടാഗ്) അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ നീക്കം നടത്തുന്നതിനെതിരെ പൊതുജനങ്ങളുടെ ഇടയിൽ എതിർപ്പ് ശക്തമാവുന്നു. അംഗങ്ങളുടെ വർധനയ്ക്കെതിരെ ജർമനിയിലെ നികുതിദായകരുടെ സംഘടനയാണ് ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഇതിനെതിരെ നികുതിദായക സംഘടനയുടെ പ്രസിഡന്‍റ് റൈനർ ഹോൾസ്നാഗൽ ശക്തമായി പ്രതികരിച്ചതോടെ എതിർപ്പ് പുതിയ മേഖലയിലേയ്ക്കു കടക്കുമെന്നാണ് പറയപ്പെടുന്നത്.

അംഗസംഖ്യ വർധിപ്പിച്ചാൽ പ്രതിവർഷം 128 (മില്യണ്‍) ദശലക്ഷം യൂറോയുടെ അധിക ചെലവ് ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പുതിയ അംഗങ്ങളുടെ ശന്പളവും മറ്റാനുകൂല്യങ്ങളും കൂടാതെയുള്ള ചെലവാണിത്.

നിലവിൽ 630 അംഗങ്ങളാണ് പാർലമെന്‍റിലുള്ളത്. ഇത് 750 ആക്കി ഉയർത്താനാണ് നീക്കം. ഇത് നിയമാവുകയാണെങ്കിൽ ഇക്കൊല്ലം സെപ്റ്റംബർ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ 750 അംഗങ്ങളാവും പുതിയ പാർലമെന്‍റിൽ എത്തുക.
എന്നാൽ ഇക്കാര്യത്തിൽ ജർമനിയിലെ രാഷ്ട്രീയപാർട്ടികൾ ഇതുവരെ പ്രതികരിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാത്തത് പൊതുജനത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ചാൻസലർ മെർക്കലും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ