സീമെൻസ് മാത്സ്, സയൻസ് മത്സരങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് വിജയം
Thursday, December 8, 2016 8:27 AM IST
വാഷിംഗ്ടൺ: ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ഡിസംബർ ആറിന് നടന്ന 2016 സീമെൻസ് മാത്സ്, സയൻസ്, ടെക്നോളജി ഫൈനൽ മത്സരങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉജ്‌ജ്വല വിജയം.

ദേശീയാടിസ്‌ഥാനത്തിൽ രണ്ടായിരം വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങളിൽ നിന്നും 19 പേരാണ് ഫൈനലിലെത്തിയത്. വ്യക്‌തിഗത മത്സരങ്ങളിൽ ഒറിഗൺ പോർട്ട്ലാന്റിൽ നിന്നുള്ള വിനീത് EDUPUNGANTIയും ടീം കാറ്റഗറിയിൽ ടെക്സസ് പ്ലാനോയിൽ നിന്നുള്ള ഇരട്ടകുട്ടികളായ ആദ്യ, ശ്രീയ ബീസം എന്നിവർ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ഒരു ലക്ഷം ഡോളർ വീതമാണ് ഇരുവർക്കും സ്കോളർഷിപ്പായി ലഭിക്കുക. കലിഫോർണിയയിൽ നിന്നുള്ള മനാൻഷാ, പ്രതീക് (പ്ലാനെ, ടെക്സസ്), പ്രണവ് ശിവകുമാർ (ടവർ ലേക്സ്) എന്നിവർ വ്യക്‌തിഗത മത്സരങ്ങളിലും നിഖിൽ ചിയർല, അനിക ചിയർല എന്നിവർ ടീം കാറ്റഗറിയിലും ഫൈനലിലെത്തിയിരുന്നു. മൂന്നാം സ്‌ഥാനത്തെത്തിയ പ്രതീകിന് മുപ്പതിനായിരം ഡോളറും നാലാം സ്‌ഥാനത്തെത്തിയ ശിവകുമാറിന് ഇരുപതിനായിരം ഡോളറും സ്കോളർഷിപ്പ് ലഭിച്ചു. നിഖിൽ, അനിക എന്നിവർക്ക് അമ്പതിനായിരം ഡോളറുമാണ് ലഭിച്ചത്.

വിനീത്, ആദ്യ, ശ്രീയ എന്നിവരുടെ ഗവേഷണ ഫലമായി രൂപപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ ആധുനിക ശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകളാണ് നൽകിയതെന്ന് സീമെൻസ് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് എറ്റ്സ്വില്ലർ അഭിപ്രായപ്പെട്ടു.

1999 മുതൽ സംഘടിപ്പിക്കുന്ന സീമെൻസ് മത്സരങ്ങളിലൂടെ ശാസ്ത്രരംഗത്തെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഡേവിഡ് കൂട്ടിച്ചേർത്തു. ഫൈനൽ മത്സരങ്ങളിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളുടെ പ്രകടനം പ്രശംസാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ