ഭ്രൂണഹത്യ നിരോധനനിയമം ഒഹായൊ സെനറ്റ് പാസാക്കി
Thursday, December 8, 2016 8:26 AM IST
ഒഹായൊ: ആറ് ആഴ്ച വളർച്ചയെത്തിയ ഭ്രൂണഹത്യാ നിരോധന നിയമം ഒഹായെ ഹൗസും സെനറ്റും പാസാക്കി. ഡിസംബർ ആറിനാണ് ഇരു സഭകളും ബില്ലിന് അംഗീകാരം നൽകിയത്.

നിയമം ഗവർണർ അംഗീകരിക്കുന്നതോടെ ഗർഭ ചിദ്രം നടത്തുന്ന ഡോക്ടർക്ക് ജയിൽ ശിക്ഷയാണ് ലഭിക്കുക. ആറ് ആഴ്ചയോടെ ഗർഭാശയത്തിൽ വളരുന്ന കുഞ്ഞിന് ഹൃദയമിടിപ്പ് ആരംഭിക്കും. കുഞ്ഞ് ഗർഭാശയത്തിൽ വളരുന്നുണ്ട് എന്നു പോലും ആറാഴ്ചക്കുള്ളിൽ അറിയുക ഒരു പക്ഷെ അസാധ്യമാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്.

ഗർഭചിദ്രത്തെ കുറിച്ച് ഇത്രയും കർശന നിയമം അംഗീകരിക്കുന്ന ആദ്യ സംസ്‌ഥാനമാണ് ഒഹായൊ. 2011 മുതൽ നിയമ സഭാ സാമാജികർ ‘ഹാർട്ട് ബീറ്റ് ബിൽ’ എന്ന പേരിൽ നിയമം കൊണ്ട് വരാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇതു ഭരണ ഘടനാ വിരുദ്ധമാകുമെന്നും കോടതിയിൽ അമഗീകരിക്കപ്പെടുകയുമില്ല എന്നതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.

12 ആഴ്ച വളർച്ചയെത്തിയ ഭ്രൂണഹത്യ അർക്കൻസാസ് നിരോധിച്ചത് കോടതി ഇടപെട്ട് തടഞ്ഞിരുന്നു. പുതിയ സുപ്രീം കോടതി ജഡ്ജിയെ ഡൊണൾഡ് ട്രംപ് നിർദ്ദേശിക്കുന്നതിലൂടെ ഗർഭചിദ്ര നിരോധനത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒഹായൊ സെനറ്റ് പ്രസിഡന്റ് കീത്ത് ഫാബർ.

റിപ്പോർട്ട്: പി.പി. ചെറിയാൻ