കലിഫോർണിയ സിലിക്കൺവാലിയിൽ കാട്ടുകുതിര നാടകം 25ന്
Thursday, December 8, 2016 8:19 AM IST
സാൻ ഹോസെ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ മലയാള സാഹിത്യസൗഹൃദ കൂട്ടായ്മയായ സർഗവേദിയുടെ വാർഷികത്തോടനുബന്ധിച്ച് എസ്.എൽ. പുരം സദാനന്ദന്റെ പ്രശസ്തമായ കാട്ടുകുതിര എന്ന നാടകം വീണ്ടും അരങ്ങിലെത്തിക്കുന്നു.

2017 ഫെബ്രുവരി 25ന് വൈകുന്നേരം 5.30ന് സാൻ ഹോസെ എവർഗ്രീൻവാലി ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക. ജോൺ കൊടിയൻ സംവിധാനവും മധു മുകുന്ദൻ, ഉമേഷ് നരേന്ദ്രൻ, ബിന്ദു ടിജി, സന്ധ്യ സുരേഷ്, സതീഷ് മേനോൻ, രാജീവ് വല്ലയിൽ, ലാഫിയ സെബാസ്റ്റ്യൻ, ലിജിത്, സാജൻ മൂലപ്ലാക്കൽ എന്നിവർ കേന്ദ്ര കഥാപത്രങ്ങളെയും അവതരിപ്പിക്കും. ബിനു ബാലകൃഷ്ണൻ സംഗീതവും നാരായണൻ സ്വാമി ശബ്ദവും നിയന്ത്രിക്കും പ്രകാശ നിയന്ത്രണം ലെബോൺ മാത്യുവും രംഗപടമൊരുക്കുന്നത് ആർടിസ്റ്റ് ശ്രീജിത് ശ്രീധരനുമാണ്. വിനോദ് മേനോൻ, രാജി വിനോദ്, റാണി സുനിൽ തുടങ്ങിയവർ സർഗവേദിക്കുവേണ്ടി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു.

നാടകത്തിന്റെ പൂജയും ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും ഡിസംബർ മൂന്നിന് ഫ്രിമോണ്ടിൽ നടന്നു. സർഗവേദിയിലെ മുതിർന്ന അംഗം ശ്രീദേവി കൃഷ്ണൻ നിലവിളക്ക് തെളിച്ച് ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങി. രാജേഷ് നരോത്ത്, സാജു ജോസഫ്, ബെൻസി അലക്സ്, ജോർജ് വർഗീസ്, അജീഷ് നായർ തുടങ്ങിയവർ ടിക്കറ്റ് ഏറ്റ് വാങ്ങി. ചടങ്ങിനു എത്താൻ കഴിയാതിരുന്ന പ്രശസ്ത സിനിമാനടനും നിർമാതാവുമായ തമ്പി ആന്റണി, സിനിമാ സംവിധായകനായ ജയൻ കെ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.