ഇറ്റലിയിൽ ഫൈവ് സ്റ്റാർ പാർട്ടി മുൻനിരയിലേക്ക്
Wednesday, December 7, 2016 10:08 AM IST
റോം: ഇറ്റലിയിലെ പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും ജനപ്രീതിയുള്ളതായി മാറിയിരിക്കുന്നു ഫൈവ് സ്റ്റാർ മൂവ്മെന്റ്. ഇറ്റലിയിൽ മാത്രമല്ല ലോകമെങ്ങും അവരുടെ പ്രശസ്തി വർധിക്കുകയും ചെയ്യുന്നു.

2009ൽ മാത്രം രൂപീകരിക്കപ്പെട്ടതാണ് ഈ സംഘടന. കൊമേഡിയൻ ബെപ്പെ ഗ്രില്ലോ ഇതു തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു തമാശയായി മാത്രമാണ് ഇതിനെ പലരും വീക്ഷിച്ചത്.

നിലവിലുള്ള വ്യവസ്‌ഥിതികൾക്കെതിരേ ജനങ്ങൾക്കുള്ള രോഷവും പ്രതിഷേധവും ഏകീകരിക്കാൻ ഒരു മാർഗമായി ഇതു മാറുകയായിരുന്നു. സാമ്പ്രദായിക രീതികളിൽനിന്നു വേറിട്ടു നിൽക്കുന്ന ഒരു മാർഗമായിരുന്നു ജനങ്ങൾ അന്വേഷിച്ചിരുന്നത്, ഗ്രില്ലോ കൊടുത്തതും അതു തന്നെ.

വെബ് സ്ട്രാറ്റജിസ്റ്റ് ഗിയാന്റോബർട്ട് കാസാലെക്ഷിയോയും സംഘടനയുടെ പ്രചാരം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പുതിയ തലമുറ പാർട്ടിയുടെ പ്രധാന പ്ലാറ്റ്ഫോമായി ഇന്റർനെറ്റിനെ എങ്ങനെ ഉപയോഗിക്കാമെന്നാണ് അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തത്.

വലിയ സംഘടനാ ശേഷിയോ ആശയ വൈപുല്യമോ ആസ്‌ഥാന മന്ത്രിയോ പണക്കൊഴുപ്പോ ഒന്നുമില്ലാതെയാണ് പാർട്ടി ചുരുങ്ങിയ കാലത്തിനിടെ ഇത്രയും വളർന്നത്. അതിനു കടപ്പെട്ടിരിക്കുന്നത് ഇന്റർനെറ്റിന്റെ സമർഥമായ ഉപയോഗത്തോടും.

റോമിൽ മേയറായി പാർട്ടി പ്രതിനിധി വിർജീനിയ റാഗി തെരഞ്ഞെടുക്കപ്പെട്ടിടത്തു വരെ എത്തിനിൽക്കുന്ന വളർച്ച. അടുത്ത പൊതുതെരഞ്ഞെടുപ്പാണ് പാർട്ടിയുടെ അടുത്ത ലക്ഷ്യം. അവിടെ ഭരണം പിടിക്കാനായില്ലെങ്കിലും പ്രധാന പ്രതിപക്ഷമെങ്കിലുമാവാനായിരിക്കും ശ്രമം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ