സംസ്‌ഥാനത്തെ ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾക്ക് നിയന്ത്രണം
Wednesday, December 7, 2016 7:52 AM IST
ബംഗളൂരു: സംസ്‌ഥാനത്തെ ആയുർവേദ ചികിത്സാകേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന ആയുർവേദ, പാരമ്പര്യ ചികിത്സാ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇതു സംബന്ധിച്ച ബിൽ നിയമസഭ പാസാക്കി. സംസ്‌ഥാനത്ത് ആയുർവേദ കേന്ദ്രങ്ങളുടെ പേരിൽ വ്യാജ ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് പുതിയ നടപടി. സംസ്‌ഥാനത്തെ ആയുർവേദ, പ്രകൃതിചികിത്സ, യുനാനി, യോഗ, സിദ്ധ ചികിത്സാ കേന്ദ്രങ്ങൾക്കാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. ചികിത്സാ കേന്ദ്രങ്ങൾ നടത്തുന്നവർ ആരോഗ്യവകുപ്പിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. രജിസ്റ്റർ ചെയ്തവർക്ക് സർക്കാർതിരിച്ചറിയൽ കാർഡ് നല്കും. ഈ കാർഡ് ചികിത്സാകേന്ദ്രത്തിൽ പ്രദർശിപ്പിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രങ്ങൾക്ക് ആദ്യതവണ 2,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും. വീണ്ടും പിടിക്കപ്പെട്ടാൽ പിഴ അഞ്ചു ലക്ഷമായും തടവ് മൂന്നു വർഷമായും ഉയരും. നിലവിൽ സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ആയുഷ്കേന്ദ്രത്തിനു കീഴിലുള്ള ആയുർവേദ ചികിത്സാകേന്ദ്രങ്ങൾക്കു മാത്രമാണ് രജിസ്ട്രേഷൻഉള്ളത്.