ഫിലഡൽഫിയ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം 10ന്
Wednesday, December 7, 2016 7:49 AM IST
ഫിലഡൽഫിയ: ക്രൈസ്തവ മാനവികതയുടെ ഈറ്റില്ലമായ ഫിലഡൽഫിയയിൽ 21 അംഗ സഹോദര്യ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10ന് (ശനി) ക്രിസ്മസ് ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ജോർജ് വാഷിംഗ്ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (10175 ബസല്ടൺ അവന്യു) ആണ് ആഘോഷ പരിപാടികൾ.

ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളാവാസ് ക്രിസ്മസ് സന്ദേശം നൽകും. എക്യുമെനിക്കൽ റിലീജിയസ് ചെയർമാൻ ഫാ. ഗീവറുഗീസ് ജോൺ, ഫാ. എം.കെ. കുര്യാക്കോസ് എന്നിവർ ആരാധനയ്ക്കും പ്രാർഥനയ്ക്കും നേതൃത്വം നല്കും. എക്യുമെനിക്കൽ ചെയർമാൻ ഫാ. ഷിബു വി. വേണാട് ക്രിസ്മസ് ട്രീയുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കും. ചടങ്ങിൽ കൂട്ടയോട്ട ധനസമാഹരണത്തിൽ കൂടി ലഭിച്ച തുകയിൽ 25000 ഡോളർ പൊതുസമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭവനരഹിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വിതരണം ചെയ്യും. സമ്മേളനത്തിൽ അമേരിക്കൻ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് 21 അംഗ സഹോദരി സഭകളിൽ നിന്നുള്ള കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന വിവിധ സ്കിറ്റുകൾ, ഡാൻസുകൾ, ചെണ്ടമേളം എക്യുമെനിക്കൽ ക്വയർ, സ്കിറ്റ് പ്രഫഷണൽ ഡാൻസ് ട്രൂപ്പുകളായ നുപുര ഡാൻസ് അക്കാഡമി, മാതാ ഡാൻസ് അക്കാഡമി എന്നീ ഡാൻസ് സ്കൂളുകളുടെ നൃത്തനൃത്താവിഷ്കാരങ്ങൾ അനുഗ്രഹ മ്യൂസിക് സ്കൂളിന്റെ മ്യൂസിക് എന്നിവ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രത്യേകതയാണ്.

വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കോഓർഡിനേറ്റർ ബിനു ജോസഫ്, എക്യുമെനിക്കൽ സെക്രട്ടറി മാത്യു ശാമുവൽ, ട്രഷറർ ബിജി ജോസഫ്, ചാരിറ്റി കോഓർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ, ക്വയർ കോഓർഡിനേറ്റർ തോമസ് ഏബ്രഹാം എന്നിവർ പങ്കെടുത്തു.