ഭവനരഹിതർക്ക് അഭയം നൽകിയ ദേവാലയത്തിന് പിഴ
Wednesday, December 7, 2016 7:48 AM IST
മേരിലാന്റ്: തലചായ്ക്കാൻ ഇടമില്ലാതെ അലഞ്ഞു നടന്ന ഭവന രഹിതർക്ക് അഭയം നൽകിയ ദേവാലയത്തിന് 12,000 ഡോളർ മേരിലാന്റ് കൗണ്ടി അധികൃതർ പിഴ ചുമത്തി. മേരിലാന്റ് പറ്റപ്സ്കൊ (ജമമേുരെീ) യുണൈറ്റഡ് മെത്തഡിസ്റ്റ് വികാരി റവ. കേറ്റി ഗ്രോവർ തല ചായ്ക്കാൻ ഇടമില്ലാത്ത പ്രതികൂല കാലാവസ്‌ഥയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഒരു സംഘം ആളുകൾക്ക് പള്ളിയിൽ അഭയം നൽകുവാൻ തയാറായതാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. പള്ളിയിൽ താമസിച്ചവർ അടുത്ത വീട്ടിലെ താമസക്കാർക്ക് തലവേദനയായി. ഇവരുടെ അതിർത്തിക്കുള്ളിൽ നിന്നിരുന്ന ഒരു ചെടി, ഭവനരഹിതർ നശിപ്പിച്ചതിനെത്തുടർന്ന് നൽകിയ പരാതിയിന്മേൽ കൗണ്ടി അധികൃതർ അന്വേഷണം ആരംഭിക്കുകയും പരിശോധനയിൽ ഭവന രഹിതർക്ക് അഭയം നൽകുന്നതിനോ, താമസിപ്പിക്കുന്നതിനോ പള്ളിക്ക് പെർമിറ്റ് ഇല്ലാ എന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് 12,000 ഡോളർ പിഴ ചുമത്തിയത്.

അശരണരേയും അനാഥരേയും സംരക്ഷിക്കേണ്ടത് ക്രൈസ്തവ ധർമത്തിന്റെ ഭാഗമാണെന്നും ഈ ഉത്തരവാദിത്വം നിറവേറ്റിയതാണോ ഞങ്ങളുടെ കുറ്റം എന്നാണ് ചർച്ച് വികാരി റവ. കേറ്റി ഗ്രോവിന്റെ ദുഃഖം. അതേസമയം ഭവന രഹിതരെ താമിപ്പിക്കുന്നതിന് കൗണ്ടി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അനാരോഗ്യകരമായ ചുറ്റുപാടിൽ താമസിപ്പിക്കുവാൻ അനുവാദമില്ലെന്നും കൗണ്ടി അധികൃതർ പറയുന്നു. അഭയാർഥികളെ പുറത്താക്കുന്നതിനോ, ഫൈൻ നൽകുന്നതിനോ ഡിസംബർ 18 വരെ കൗണ്ടി സമയം നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ