ജോർജിയായിലെ ഒമ്പതാമത് വധശിക്ഷ നടപ്പാക്കി
Wednesday, December 7, 2016 7:47 AM IST
ജാക്സൺ: ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിച്ചിരുന്ന വില്ല്യം സാലി (50) യുടെ വധശിക്ഷ നവംബർ ആറിന് ജാക്സൺ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കി. ഇതോടെ ഈ വർഷം അമേരിക്കയിലെ ഏറ്റവും കൂടുതൽ വധശിക്ഷ (9) നടപ്പാക്കിയ സംസ്‌ഥാനമായി ജോർജിയ.

1990 ൽ സൗത്ത് ജോർജിയയിലെ വീട്ടിലായിരുന്ന കേസിനാസ്പദമായ സംഭവം. നാല്പത്തൊമ്പതുകാരനായ ഭാര്യ പിതാവിനെ വില്ല്യം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 1991 ൽ വധശിക്ഷക്ക് വിധിച്ചു. തുടർന്ന് സുപ്രീം കോടതിയിൽ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു.

ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയിരുന്ന സംസ്‌ഥാനമായ ടെക്സസിൽ ഇതുവരെ ഏഴ് വധശിക്ഷ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. അമേരിക്കയിൽ ഈ വർഷം 19 വധശിക്ഷകളാണ് നടപ്പാക്കിയത്. വിഷം കുത്തിവച്ചുള്ള വധശിക്ഷക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ശിക്ഷാ രീതിയിൽ മാറ്റം വരുത്തുന്നതിനോ, വധശിക്ഷ വേണ്ടെന്നു വയ്ക്കുന്നതിനോ ഫെഡറൽ ഗവൺമെന്റ് തയാറായിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ