കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Wednesday, December 7, 2016 7:44 AM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റിസ്റ്റ് അലയൻസ് എന്നിവരുടെ സഹകരണത്തോടെ അബാസിയ പാക്കിസ്‌ഥാൻ ഇംഗ്ലീഷ് സ്കൂളിലായിരുന്നു ക്യാമ്പ്.

രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇഎൻടി, പീഡിയാട്രിക്, കാർഡിയോളജി, ഓർത്തോ, ഗൈനക്കോളജി, ഒഫ്താൽമോളജി, ഓങ്കോളജി, ഡെന്റൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 40 ഓളം ഡോക്ടർമാരുടെ സേവനവും ഷുഗർ ടെസ്റ്റ്, വിഷൻ ടെസ്റ്റ്, ഫിസിയോതെറാപ്പി എന്നിവയും ക്യാമ്പിൽ ലഭ്യമായിരുന്നു.

ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. രാജേന്ദ്ര മിശ്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മഹിളാ വേദി പ്രസിഡന്റ് വാണിശ്രീ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കമ്യൂണിറ്റി സെക്രട്ടറി ഡോ. സയിദ്, അസോസിയേഷൻ പ്രസിഡന്റ് ഇ. രാജഗോപാലൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി എം. രാമകൃഷ്ണൻ, രക്ഷാധികാരി എം. ശാന്തകുമാർ, മഹിളാവേദി സെക്രട്ടറി റീജാ സന്തോഷ്, ജനറൽ കൺവീനർ ബിജി രാമകൃഷ്ണൻ, മഹിളാവേദി ട്രഷറർ നീന രാജഗോപാലൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ സഹകരിച്ച സ്‌ഥാപനങ്ങൾക്കും വ്യക്‌തികൾക്കുമുള്ള ഉപഹാരങ്ങൾ രക്ഷാധികാരി കെ. അബൂബക്കർ, അസോസിയേഷൻ ട്രഷറർ സി. ഹനീഫ്, അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ കെ. ഷൈജിത്, സിദ്ധാർഥൻ കുരുവട്ടൂർ എന്നിവർ സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ