പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടലിലൂടെ അബ്ദുൾ അസീസ് നാടണഞ്ഞു
Wednesday, December 7, 2016 7:43 AM IST
റിയാദ്: ഡ്രൈവർ വീസയിലാണ് വയനാട് സ്വദേശി അബ്ദുൾ അസീസ് റിയാദിൽ എത്തിയത്. റിയാദ് എയർപോർട്ടിൽ ഫിംഗർ പ്രിന്റ് എടുത്തപ്പോഴാണ് സൗദി അറേബ്യയിൽ മുൻപ് ഒരു കേസ് ഉള്ളതായി അറിയുന്നത്. തുടർന്ന് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് അസീസിനെ പോലീസിന് കൈമാറുകയും പുതിയ സ്പോൺസർ എത്തി ജാമ്യത്തിൽ ഇറക്കുകയുമായിരുന്നു.

അബ്ദുൾ അസീസ് മുമ്പ് സൗദിയിൽ ജോലിചെയ്തപ്പോൾ തന്റെ അയൽവാസിയായ സൗദി സ്വദേശിയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് ഒരു വീട്ടുജോലിക്കാരിയെ ആവശ്യപ്പെട്ടപ്പോൾ തന്റെ ഏജന്റിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും അവർ തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ സൗദി സ്വദേശി അബ്ദുൾ അസീസിനെ ജാമ്യക്കാരനാക്കുകയും ചെയ്തിരുന്നു. നാലു മാസത്തിനുശേഷം വീസ തട്ടിപ്പിൽ ഏജന്റ് സൗദിയിൽ നിന്നും ഒളിച്ചോടി. ഇതിനെത്തുടർന്ന് സൗദി സ്വദേശി ഏജന്റിനും അബ്ദുൾ അസീസിനും എതിരെ കേസ് ഫയൽ ചെയ്തു. അതിനുശേഷം വർഷങ്ങൾ കഴിഞ്ഞ് പുതിയ വീസയിൽ അബ്ദുൾ അസീസ് എത്തിയപ്പോഴാണ് എയർപോർട്ടിൽ പിടിക്കപ്പെടുന്നത്.

പ്രവാസി മലയാളി ഫെഡറേഷൻ അംഗം അസ്ലം പാലത്ത്, നാസർ മുക്കം, ഹനീ ഫ, രാജേഷ് തുടങ്ങിയവർ ചേർന്ന് പ്രവാസി മലയാളി ഫെഡറേഷൻ ജിസിസി കോഓർഡിനേറ്റർ റാഫി പാങ്ങോടിനെ വിവരം അറിയിച്ചു. റാഫി പാങ്ങോട് സൗദിയുമായി സംസാരിച്ചതിനെത്തുടർന്ന് 10,000 റിയാൽ കൊടുത്ത് കേസിൽനിന്നും തലയൂരി.

ഇതിനിടയിൽ പുതിയ സ്പോൺസറും അബ്ദുൾ അസീസിനെ കൈവിട്ടു. തിരിച്ചു പോകുവാൻ വേണ്ടി എയർപോർട്ടിൽ ഫിംഗർ പ്രിന്റ് പരിശോദിച്ചപ്പോൾ കേസ് ഇതുവരെയും ക്യാൻസൽ ചെയ്തില്ല എന്നു പറഞ്ഞ് തിരിച്ച് അയച്ചു. ടിക്കറ്റും കാൻസൽ ആയി. ഇതോടെ റാഫി പാങ്ങോടിന്റെ ഇടപെടലിലൂടെ വീണ്ടും കേസിൽനിന്ന് പരിപൂർണമായി ഒഴിവാക്കുകയും തർഹീലീൽനിന്നും എക്സിറ്റ് നേടി ഡിസംബർ രണ്ടിന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.