കുടുംബ സംഗമവും ക്രിസ്മസ്–പുതുവത്സരാഘോഷവും 16ന്
Tuesday, December 6, 2016 10:08 AM IST
ന്യൂജേഴ്സി: അമേരിക്കൻ മലയാളി സമൂഹത്തിൽ സാംസ്കാരിക പ്രവർത്തനത്തിലൂടെ മാതൃകയായ ന്യൂജേഴ്സി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ നാമം, നായർ മഹാമണ്ഡലം എന്നീ സംഘടനകൾ സംയുക്‌തമായി കുടുംബ സംഗമവും ക്രിസ്മസ് പുതുവത്സരാഘോഷവും സംഘടിപ്പിക്കുന്നു.

ഡിസംബർ 16ന് ന്യൂജേഴ്സി രാരിറ്റാൻ സെന്റർ എഡിസൺ ഹോട്ടലിൽ ആണ് ആഘോഷ പരിപാടികൾ. ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസകാരിക രംഗത്തെ നിരവധി പ്രഗത്ഭർ പങ്കെടുക്കുന്ന ചടങ്ങുകൾ കാണികൾക്കു പുതിയ അനുനുവം ആയിരിക്കുമെന്ന് നാമം,നായർ മഹാമണ്ഡലം സ്‌ഥാപക ചെയർമാനും ഫൊക്കനാ കൺവൻഷൻ ചെയർമാനുമായ മാധവൻ ബി. നായർ അറിയിച്ചു.

കുടുംബ സംഗമം, ക്രിസ്മസ് ആഘോഷം, പുതുവത്സര പിറവി തുടങ്ങി മൂന്നു പരിപാടികൾ ആണ് അന്ന് നടക്കുക. നാമവും, നായർ മഹാമണ്ഡലവും ന്യൂജേഴ്സിയിലെ പ്രവർത്തനങ്ങളുടെയും സാംസ്കാരിക ഒത്തുചേരലിന്റെയും ന്യൂജേഴ്സിയിലെ മാതൃകയാണ്. അതുകൊണ്ടു തന്നെ ഈ പ്രസ്‌ഥാനങ്ങൾ സംഘടിപ്പിക്കുന്ന ക്രിസ്മസ് –പുതുവത്സര ആഘോഷങ്ങൾക്ക് അതിന്റെതായ തനിമയുണ്ട്.

കുടുംബ സംഗമത്തിന് പ്രശസ്ത ഹാസ്യ കലാകാരനും ചലച്ചിത്ര താരവുമായ സാബു തിരുവല്ല നയിക്കുന്ന കോമഡി ലൈവ് ഷോയും നടക്കും.

കുടുംബ സംഗമത്തിനും ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾക്കും നേതൃത്വം വഹിക്കുന്നത് നാമം പ്രസിഡന്റ് ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, ട്രഷറർ ഡോ. ആശ വിജയകുമാർ, കൾച്ചറൽ സെക്രട്ടറി മാലിനി നായർ എന്നിവരാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം