ദിലീപ് വർഗീസ് വിജയമന്ത്രത്തിന്റെ അമേരിക്കൻ മലയാളി മാതൃക
Tuesday, December 6, 2016 7:26 AM IST
ശരിയായിടത്ത് ചുവടുവയ്ക്കുക, അവിടെ ചുവടുറപ്പിക്കുക... ഏബ്രഹാം ലിങ്കന്റെ ഈ വാക്കുകൾ ദിലീപ് വർഗീസ് എന്ന മലയാളി ബിസിനസ് ടൈക്കൂണിനെ സംബന്ധിച്ചിടത്തേളം അന്വർഥമാവുന്നു.

1977ൽ മനസിൽ നിറച്ചിട്ട ബിസിനസ് മോഹങ്ങളുമായി സിവിൽ എൻജിനിയറിംഗ് ബിരുദത്തിന്റെ ബലത്തിൽ അമേരിക്കയിൽ എത്തിയ ദിലീപ് വർഗീസ് ശരിയായിടത്തു തന്നെ ചുവടു വയ്ക്കുകയും അവിടെ ചുവടുറപ്പിച്ച് ക്രമാനുഗതമായ വളർച്ചയിലൂടെ ഗംഭീര വിജയം വെട്ടിപ്പിടിക്കുകയുമായിരുന്നു.

തൃശൂർ എൻജിനിയറിംഗ് കോളജിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദവും തുടർന്ന് പൊതുജനാരോഗ്യ വകുപ്പിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ദിലീപ് അമേരിക്കയിൽ എത്തുന്നത്. സ്വന്തം ബിസിനസ് കരുപിടിപ്പിക്കണമെന്ന കടുത്ത ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ദിലീപിനുണ്ടായിരുന്നു. ന്യുവാർക്ക് നഗരസഭയിൽ ഉദ്യോഗസ്‌ഥനായ ഐസക്ക് ജോൺ (തമ്പി) സിറ്റിയുടെ മൈനോറിറ്റിക്കുള്ള പോഗ്രാം അറിയിച്ചു. ന്യൂനപക്ഷം എന്നു ഉദ്ദേശിച്ചത് കറുത്തവരെ ആണെങ്കിലും അത് ഉപകരിച്ചത് ഇന്ത്യാക്കാർക്കും മറ്റുമാണ്. ദിലീപ് വർഗീസ് ഈ അവസരം സമർഥമായി ഉപയോഗപ്പെടുത്തി.

അങ്ങനെ അര ലക്ഷം ഡോളറുമായി ഡി ആൻഡ് കെ. കൺസ്ട്രക്ഷൻസ് 1979ൽ ശുഭാരംഭം കുറിച്ചു. തുടക്കം ചെറിയ തോതിലായിരുന്നു. രണ്ട് ജീവനക്കാരുമായി തുടങ്ങിയ കമ്പനി ഇപ്പോൾ നൂറു മില്യന്റെ ബോണ്ടിംഗ് ഉള്ള ഒരു കമ്പനിയായി മാറി. തുടക്കത്തിൽ കമ്പനി ഏറ്റെടുത്തിരിക്കുന്ന ജോലികളിൽ 99 ശതമാനവും യുഎസ് ആർമിക്കുവേണ്ടിയായിരുന്നു. അമേരിക്കൻ രാജ്യരക്ഷാവകുപ്പിനും ഫെഡറൽ ഏജൻസീസിനും വേണ്ടി നിരവധി ബ്രഹത്തായ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചു. പിന്നീട് ദിലീപിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യക്കാരുടെ ഉടമസ്‌ഥതയിലുള്ള ഏറ്റവും വലിയ കൺസ്ട്രക്ഷൻ സ്‌ഥാപനമായി ഡി ആൻഡ് കെ മാറി.

സാങ്കേതിക നൈപുണ്യം, മാനേജ്മെന്റ് വൈദഗ്ധ്യം, സാമ്പത്തിക ഭദ്രത എന്നീ ഘടകങ്ങൾ ദിലീപിന്റെ വിജയം നിർണയിച്ചു. ഉയർന്ന ഗുണമേൻമയോടെ നിശ്ചിത സമയത്തിനുള്ളിൽ ഏറ്റെടുത്ത ജോലി പൂർത്തിയാക്കുക എന്നതാണ് ദിലീപിന്റെ മുദ്രാവാക്യം. സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു പറ്റം ജീവനക്കാരുടെ പിൻബലത്തോടെ ഒരേ സമയം നിരവധി പ്രോജക്ടുകളും അസംഖ്യം സബ്കോൺട്രാക്ടർമാരേയും കൈകാര്യം ചെയ്യാൻ കഴിവുള്ള കമ്പനി വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും മിലിട്ടറി ആസ്‌ഥാനങ്ങളിലും മറ്റും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും നേരിടാതെ നിർമാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രത്യേക വൈദഗ്ധ്യം പ്രകടമാക്കുന്നു.

പതിനഞ്ച് മില്യൺ ഡോളർ മുടക്കി അമേരിക്കൻ ഡിഫൻസിനുവേണ്ടി പികറ്റിനി മിലിട്ടറി ആസ്‌ഥാനത്ത് ദിലീപ് നിർമിച്ച സോഫ്റ്റ് വെയർ സമുച്ചയവും 30 മില്യൺ ഡോളർ മുടക്കി ഈസ്റ്റ് റേഞ്ചിൽ പണികഴിപ്പിച്ച പുതിയ സ്കൂൾ, സ്വകാര്യ മേഖലയിൽ ദിലീപിന്റെ ഉടമസ്‌ഥതയിൽ പണികഴിപ്പിച്ച സീദെർ ഹിൽ, റിയൽ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകൾ മുന്നിൽകണ്ട് സ്‌ഥാപിച്ച ക്രോസ് റോഡ്സ് സർവീസസ് തുടങ്ങിയവ എടുത്തു പറയേണ്ടതാണ്.

ജീവകാരുണ്യ പ്രവർത്തന രംഗത്തും ദിലീപ് തന്റെ സഹജീവി സ്നേഹ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ദിലീപിന്റെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ തമിഴ്നാട്ടിൽ ആരംഭിച്ച ശാന്തി ഭവൻ സ്കൂൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അനാഥരുമായ മുന്നൂറിൽ പരം കുട്ടികളെ എടുത്തു വളർത്തി ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകി വരുന്നു. 1995ൽ ആരഭിച്ച സ്‌ഥാപനത്തിൽ ഇപ്പോൾ 336 കുട്ടികൾ പഠിക്കുന്നു.

പ്രവർത്തന രംഗത്തെ മേന്മയും സമൂഹത്തിന് നൽകിയ സംഭാവനയും മാനദണ്ഡമാക്കി നിരവധി പുരസ്കാരങ്ങൾ ദിലീപിനെ തേടിയെത്തിയിട്ടുണ്ട്. 1996ൽ ന്യൂയോർക്ക് സ്റ്റേറ്റിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും പ്രവാസി ചാനലിന്റെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡും (നാമി) ഇതിൽ ചിലതുമാത്രമാണ്. ‘ഇന്ത്യ എബ്രോഡ്’ പത്രം നടത്തിയ സർവേ പ്രകാരം അമേരിക്കയിൽ നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളിൽ പ്രഥമസ്‌ഥാനം ഡി ആൻഡ് കെ കൺസ്ട്രക്ഷൻ കമ്പനിക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പിഎസ്പി സ്റ്റേറ്റ് പ്രസിഡന്റായിരുന്ന ബി.സി. വർഗീസിന്റെ മകനാണ് ദിലീപ് വർഗീസ്. ഭാര്യ കുഞ്ഞുമോൾ ഓക്സ്ഡന്റൽ കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ ചുമതല വഹിക്കുന്നു. എൻജിനിയറായ ഏകമകൻ അജിത് ഫണ്ടമെന്റൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനി രൂപീകരിച്ച് പിതാവിന്റെ പാത പിന്തുടരുന്നു.

കഠിനാധ്വാനം മാത്രമല്ല, ബുദ്ധിപൂർവമായ ആസൂത്രണത്തോടു കൂടിയ അധ്വാനവുമാണ് ദിലീപിന്റെ വിജയത്തിന്റെ കാതൽ. സമയത്തിന്റെയും ഗുണമേന്മയുടെയും കാര്യത്തിൽ ദിലീപിന്റെ നിഷ്ഠ തികച്ചും പ്രശംസനീയമാണ്. നേർവഴിയിലൂടെയുള്ള പ്രവർത്തനവും ഏറ്റെടുക്കുന്ന ജോലിയിലെ ആത്മാർഥതയും സുസ്‌ഥിര വിജയപഥത്തിലേയ്ക്കുള്ള ചവിട്ടുപടികളായി.

റിപ്പോർട്ട്: സുനിൽ ട്രൈസ്റ്റാർ