ഭിക്ഷാടന മാഫിയ: സർക്കാരുകൾ ഇടപെടണമെന്ന് കനിവ് ജിദ്ദ
Monday, December 5, 2016 7:56 AM IST
ജിദ്ദ: സമകാലിക കേരളം നേരിടുന്ന പ്രധാനപ്രശ്നമായ ഭിക്ഷാടന മാഫിയയെ ഇല്ലായ്മ ചെയ്യാൻ സർക്കാരുകളും നിയമവ്യവസ്‌ഥകളും രംഗത്തിറങ്ങണമെന്നു കനിവ് കൊണ്ടോട്ടി ജിദ്ദയിലെ ഷറഫിയ ഇംപാല റസ്റ്ററന്റിൽ സംഘടിപ്പിച്ച ‘ഭിക്ഷാടനത്തിനെതിരെ’ പ്രവാസി കാമ്പയിനിൽ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

കാമ്പയിൻ അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. തികച്ചും ആസൂത്രിതമായി നാട്ടിലെ സാമൂഹ്യപ്രവർത്തകർ ഒറ്റകെട്ടായി രംഗത്തിറങ്ങേണ്ട ഗൗരവമറിയ വിഷയമാണ് ഭിക്ഷാടന മാഫിയയെ ഇല്ലായ്മ ചെയ്യുക എന്നതെന്നും എന്നാൽ ഈ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ നമുക്ക് തന്നെ വിനയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പ്രദേശങ്ങളും ഭിക്ഷാടന വിമുക്‌തമാക്കാൻ അത്തരം സാഹചര്യത്തിൽ ജീവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കണമെന്നും പ്രവാസികൾ പൊതുവെ ജീവകാരുണ്യ പ്രവർത്തനം ജീവിതത്തിന്റെ ഒരു ഭാഗമായി സ്വീകരിച്ചതിനാൽ പൊതുകൂട്ടായ്മകൾ നാട്ടിലുണ്ടാക്കി അതിലൂടെ മാത്രം സഹായം ചെയ്യുന്ന ആസൂത്രിതമായ രീതി സ്വീകരിക്കണമെന്നും അഭിപ്രായമുണ്ടായി. അന്യഭാഷാ തൊഴിലാളികൾ മഹാ വിപത്തുകളാണ് നാട്ടിൽ ഉണ്ടാക്കുന്നതെന്നും അവരെ രജിസ്റ്റർ ചെയ്തു തിരിച്ചറിയൽ രേഖ നൽകണമെന്നും അതിലൂടെ അവരുടെ ആക്രമണങ്ങൾ തടയാനാകുമെന്നും കാമ്പയിൻ നിരീക്ഷിച്ചു. ഇത്തരം ചെയ്തികളെ ഇല്ലായ്മ ചെയ്യാൻ മഹല്ല് കമ്മിറ്റികളും, ക്രിസ്ത്യൻ സഭകളും അമ്പലകമ്മിറ്റികളും രംഗത്തിറങ്ങാമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

പ്രസിഡന്റ് നാസർ ഇത്താക്ക അധ്യക്ഷത വഹിച്ചു.ജാഫറലി പാലക്കോട് (മീഡിയ ഫോറം), ഹസൻ ഹുദവി മൗലവി (ഇസ്ലാമിക് സെന്റർ), സലിം മധുവായ് (കൊണ്ടോട്ടി സെന്റർ), പി.വി.എ. ലത്തീഫ് (കൊട്ടപ്പുറം കൂട്ടായ്മ), എൻ.പി. അബൂബക്കർ (കാഞ്ഞീരപ്പറമ്പ മഹല്ല് ), ഗഫൂർ പുതിയകത്ത് (മേവ), കൊമ്പൻ മൂസ (ഗ്രന്ഥപ്പുര ജിദ്ദ), സകീർ ഹുസൈൻ എടവണ്ണ (ഒഐസിസി ജിദ്ദ), കബീർ കൊണ്ടോട്ടി (കൊണ്ടോട്ടി പലിശരഹിത ബാങ്ക്), കെ.എൻ.എ ലത്തീഫ് (കൊണ്ടോട്ടി മണ്ഡലം കെഎംസിസി), അബാസ് മുസ്ലിയരങ്ങാടി (മുസ്ല്യാരങ്ങാടി കൂട്ടായ്മ), ഇസ്മായിൽ നീറാട് (ലീഡ്സ്), ശിഹാബ് പൂക്കോട്ടൂർ (സ്പർശം പൂക്കോട്ടൂർ), കെ.കെ. മുഹമ്മദ്, ഉമ്മർകോയ തുറക്കൽ (കൊണ്ടോട്ടി മുനിസിപ്പൽ കെഎംസിസി), ബാദ്ഷ (സൗഹൃദ വേദി), കബീർ പാണ്ടിക്കാടൻ (തുറക്കൽ മഹല്ല്), ബഷീർ തൊട്ടിയൻ, അബ്ദുറഹ്മാൻ മധുവായി എന്നിവർ സംസാരിച്ചു. റഫീഖ് ചെറുശേരി വിഷയം അവതരിപ്പിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ