ബ്രിസ്ബേനിൽ ഡോക്കുമെന്ററി പ്രകാശനവും മദർ തെരേസ കാരുണ്യ സംഗമവും
Monday, December 5, 2016 5:40 AM IST
ബ്രിസ്ബേൻ: പ്രമുഖ അന്താരാഷ്ര്‌ട ചലച്ചിത്ര ബാനറായ വേൾഡ് മദർ വിഷന്റെ പുതിയ ഡോക്കുമെന്ററി ദ ഏയ്ഞ്ചൽ ഓഫ് ടെൻഡർനസ് പ്രകാശനം ചെയ്തു. ഓസ്ട്രേലിയ ക്യൂൻസ്ലാൻഡിലെ ബിലോയ്ല സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് പോലീസ് ഓഫീസറും പോലീസ് സിറ്റിസൺ യൂത്ത് ക്ലബ് ബ്രാഞ്ച് മാനേജരുമായ കേസ്റ്റി കേർട്ടിസ് പ്രകാശനം നിർവഹിച്ചു.

വിശുദ്ധ മദർ തെരേസയിൽ നിന്നും നേരിട്ട് ലഭിച്ച അനുഗ്രഹം അനുഭവങ്ങളും മദർ തെരേസയുടെ ജീവിതവും കോർത്തിണക്കി മദർ വിഷൻ ചെയർമാൻ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവഹിച്ച ഡോക്കുമെന്ററിയാണ് ദ എയ്ഞ്ചൽ ഓഫ് ടെൻഡർനസ്. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണ് ഡോക്കുമെന്ററി തയാറാക്കിയത്. സംവിധായകനും എഴുത്തുകാരനുമായ ജോയ് കെ.മാത്യു ഇതിനകം ഏഴ് സന്ദേശ ചിത്രങ്ങളും മൂന്ന് ഡോക്കുമെന്ററികളും നിർമിച്ചിട്ടുണ്ട്. മദർ വിഷന്റെ ബാനറിൽ നിർമിച്ച സന്ദേശ ചിത്രങ്ങൾക്ക് നിരവധി അന്താരാഷ്ര്‌ട പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി മേയർ വാറൻ മിഡിൽടൺ കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു. ക്യൂൻസ്ലാന്റിലെ സ്കൂളുകളെ ഉൾപ്പെടുത്തി വിദ്യാർഥികൾക്കായി സന്ദേശ ചലച്ചിത്ര മത്സരവും ചലച്ചിത്രമേളയും സംഘടിപ്പിക്കാനായി മദർ വിഷന് എല്ലാവിധ പിന്തുണയും നൽകുമെന്ന് മേയർ ഉറപ്പു നൽകി. ചടങ്ങിൽ ക്യൂൻസ് ലാൻഡ് ബനാന ഷെയർ കൗൺസിലർ ഡേവിഡ് സ്നെൽ അധ്യക്ഷത വഹിച്ചു. ലൂദറൻ കമ്യൂണിറ്റി കെയർ സർവീസ് മാനേജർ ലോണ പ്രെർട്ട് മുഖ്യപ്രഭാഷണം നടത്തി. ക്യൂൻസ് ലാൻഡ് വാലീസ് മേഖല പുരോഹിതൻ ഫാ. തദേയൂസ് ലാസർ, സെന്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പൽ ബ്രറ്റ് വ്യാറ്റ്, വിന്നീസ് പ്രസിഡന്റ് ഗേയ് ഫ്രെയ്സർ, ക്ലിനിക്കൽ നഴ്സിംഗ് കൺസൾട്ടന്റ് റോസ് കോർക്കിനോ, സാമൂഹിക പ്രവർത്തകൻ ആർവിൻ യബനോസ്, വേൾഡ് മദർ വിഷൻ ചെയർമാൻ ജോയ് കെ. മാത്യു, വേൾഡ് മദർ വിഷൻ ജനറൽ സെക്രട്ടറി ഫ്രാൻസിസ് ലാസർ എന്നിവർ സംസാരിച്ചു.