ഇൻ ഗോഡ് വി ട്രസ്റ്റ്: നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി
Saturday, December 3, 2016 8:13 AM IST
ഒഹായൊ: അമേരിക്കൻ ഡോളർ ബില്ലിലും നാണയത്തിലും ആലേഖനം ചെയ്തിരിക്കുന്ന ഇൻ ഗോഡ് വി ട്രസ്റ്റ് (IN GOD WE TRUST) എന്ന നാഷണൽ മോട്ടോ എടുത്തുമാറ്റണമെന്ന ആവശ്യം ഒഹായോ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ബെന്നിറ്റ പിയേഴ്സൺ തള്ളിക്കളഞ്ഞു.

മൈക്കിൾ ന്യൂഡൊ എന്ന യുക്‌തിവാദി സമർപ്പിച്ച അപേക്ഷയാണ് നവംബർ 30ന് കോടതി നിരാകരിച്ചത്. ഡോളർ ബില്ലിൽ ആലേഖനം ചെയ്തിരിക്കുന്ന നാഷണൽ മോട്ടോ ഒരു വിധത്തിലും മത സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതല്ലെന്ന് കോടതി വ്യക്‌തമാക്കി.

ഫെഡറൽ ഗവൺമെന്റ് അച്ചടിച്ച് പുറത്തിറക്കുന്ന ബില്ലിനേക്കാൾ എത്രയോ മടങ്ങാണ് ക്രെഡിറ്റ് കാർഡും ചെക്കുകളും ഉപയോഗിച്ച് നടത്തിവരുന്ന ഇടപാടുകൾ എന്ന് കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരൻ ഇത്തരം ബില്ലുകൾ ഉപയോഗിക്കണമെന്ന് ആരും നിർബന്ധിക്കുന്നില്ലെന്നും ഈ വാചകം മതപ്രചാരണത്തിനാണെന്ന് വിശ്വസിക്കാൻ അടിസ്‌ഥാന കാരണങ്ങൾ കാണുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ജഡ്ജിയുടെ ഉത്തരവ് ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയും പ്രസിഡന്റുമായ ഷക്കീൽ ഫീൽഡ് സ്വാഗതം ചെയ്തു. നാഷണൽ മോട്ടോ പ്രചരിപ്പിക്കുന്നതിന് ഫെഡറൽ ഗവൺമെന്റ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും സിഇഒ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ