ഷാലി കുമാർ ട്രംപിന്റെ ട്രാൻസിഷൻ ഫിനാൻസ് കമ്മിറ്റിയിൽ
Friday, December 2, 2016 6:15 AM IST
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ ഹിന്ദു കൊയലേഷൻ സ്‌ഥാപകനും പ്രസിഡന്റുമായ ഷലാബ് കുമാറിനെ (ഷാലി) ട്രാൻസിഷൻ ഫിനാൻസ് ആൻഡ് ഇനാഗുരേഷൻ കമ്മിറ്റിയിൽ നിയമിച്ചതായി നിയുക്‌ത പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. റിപ്പബ്ലിക്കൻ ഹിന്ദു ഓർഗനൈസേഷൻ അറിയിച്ചതാണിത്.

ട്രംപിനുവേണ്ടി ഹിന്ദു വോട്ടുകൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ കുമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 8,98,000 ഡോളറാണ് സ്വന്തം പേരിൽ നൽകിയിരുന്നത്.

പുതിയ അംഗീകരാത്തിന് ട്രംപിന് പ്രത്യേകം നന്ദി പ്രകടിപ്പിക്കുന്നതായി കുമാർ പറഞ്ഞു. ‘അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന ലക്ഷ്യവുമായി അധികാരത്തിലെത്തുന്ന ട്രംപ് സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്നും കുമാർ അറിയിച്ചു.

ട്രംപിന്റെ കാബിനറ്റിൽ യുണൈറ്റഡ് നേഷൻസ് പ്രതിനിധിയായി നിക്കി ഹെയ്ലി, ഡോ. സീമ വർമ്മ എന്നിവരെ ഇതിനകം നിയമിച്ചു കഴിഞ്ഞു. കൂടുതൽ ഇന്ത്യൻ വംശജരെ പ്രധാന തസ്തികയിൽ നിയമിക്കുമെന്ന് കുമാറിന്റെ നിയമന കാര്യം അറിയിച്ച ട്രംപിന്റെ വക്‌താവ് അറിയിച്ചു. പഞ്ചാബിലെ അമൃത്സറിൽ നിന്നുളള ഷാലി കുമാർ ഷിക്കാഗോ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എവിജി അഡ്വാൻസഡ് ടെക്നോളജീസ് ചെയർമാനാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ