യുഎഇ ദേശീയ ദിനാഘോഷം: ദുബായ് കെഎംസിസി സമാപന സമ്മേളനം രണ്ടിന്
Thursday, December 1, 2016 10:14 AM IST
ദുബായ്: നാല്പത്തഞ്ചാമത് യുഎഇ ദേശീയ ദിനാഘോഷപരിപാടികളുടെ ഭാഗമായി ദുബായ് കെഎംസിസി നടത്തിവരുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് സമാപനം കുറിച്ച് നടക്കുന്ന സമ്മേളം ഡിസംബർ രണ്ടിന് (വെള്ളി) നടക്കും.

വൈകുന്നേരം ആറിന് ദുബായ് എൻഐ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ് ലിംലീഗ് ദേശീയ ട്രഷറർ പി.കെ. കുഞ്ഞാലികുട്ടി, തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്, പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം.കെ. മുനീർ എംഎൽഎ, പി.വി. അബ്ദുൾ വഹാബ് എംപി, കേരള വഖ്ഫ് ബോർഡ് ചെയർമാൻ പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങൾ തുടങ്ങി അറബ് പ്രമുഖരും നയതന്ത്ര പ്രതിനിധികളും വ്യവസായ പ്രമുഖരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭരും ചടങ്ങിൽ സംബന്ധിക്കും. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഇശൽ നൈറ്റ്, കോമഡിഷോ എന്നിവയും പരിപാടിയുടെ ഭാഗമായിരിക്കും.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 0503572400, 0567892662.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ