‘ടെന്നിസി 20’ 420.9 മില്യൺ ലോട്ടറി പങ്കിട്ടു
Wednesday, November 30, 2016 8:56 AM IST
പോർട്ട് ലാന്റ്(ടെന്നിസി): ടെന്നിസി പോർട്ട് ലാൻഡിലുളള മെറ്റൽ നിർമാണ പ്ലാന്റിലെ 20 തൊഴിലാളികൾ ചേർന്ന് 420.9 മില്യൺ ഡോളറിന്റെ പവർബോൾ ജാക്ക് പോട്ട് പങ്കിട്ടതായി നവംബർ 29 ന് ലോട്ടറി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ എട്ടു വർഷമായി ലോട്ടറി കളിക്കുന്ന ജീവനക്കാർക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ‘ടെന്നിസി 20’ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പ് നേതാവ് പറഞ്ഞു.

എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും 120 ഡോളറിന്റെ ലോട്ടറി ടിക്കറ്റാണ് ഇവർ വാങ്ങിയിരുന്നത്. നാഷ് വില്ലയിൽ നിന്നും അറുപത് മൈൽ അകലെയുളള സ്മോക്ക് ഷോപ്പിൽ നിന്നും ശനിയാഴ്ചയായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ലോട്ടറി അടിച്ചവരിൽ ചിലർ റിട്ടയർ ചെയ്യുന്നതിനും ചിലർ ജോലിയിൽ തുടരുന്നതിനും തീരുമാനിച്ചതായി കെവിൻ അറിയിച്ചു. 420.9 മില്യൻ ഡോളർ ലോട്ടറിയാണെങ്കിലും 254 മില്യൺ ഡോളറാണ് 20 പേർക്കും കൂടി ലഭിക്കുക. ഓരോരുത്തർക്കും 12.7 മില്യൺ.

റിപ്പോർട്ട്: പി.പി. ചെറിയാൻ