അബുദാബിയിൽ ഇന്ത്യൻ മീഡിയ ദേശീയദിനാഘോഷങ്ങൾ ഡിസംബർ ഒന്ന്, മൂന്ന് തീയതികളിൽ
Wednesday, November 30, 2016 8:54 AM IST
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബിയുടെ നേതൃത്വത്തിൽ യുഎഇ ആഭ്യന്തരമന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിലുള്ള അഖ്ദർ ലവ് ഫോർ യുഎഇ സംരഭവുമായും ഇന്ത്യ സോഷ്യൽ സെന്ററുമായും സഹകരിച്ചു നടത്തുന്ന 45–ാമത് യുഎഇ ദേശീയദിനാഘോഷങ്ങൾ ഡിസംബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.

ഡിസംബർ ഒന്നിന് (വ്യാഴം) രാത്രി എട്ടിന് ഐഎസ്സി ഓഡിറ്റോറിയത്തിൽ നടക്കുന്ന സല്യൂട്ട് യുഎഇ പരിപാടിയിൽ ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള കലാ സാംസകാരിക പരിപാടികൾ അവതരിപ്പിക്കും. അറബ് പൈതൃക നൃത്തങ്ങൾ, ഖവാലി സംഗീതം, ഇന്ത്യയിൽ നിന്നുള്ള കലാരൂപങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. എമിരേറ്റ്സ് ഫ്യുച്ചർ അക്കാഡമിയിലെ 45 വിദ്യാർഥികൾ യുഎഇയുടെയും ഇന്ത്യയുടേയും ദേശീയഗാനം ചടങ്ങിൽ ആലപിക്കും. ചടങ്ങിൽ ആഭ്യന്തരമന്ത്രാലയം, ലവ് ഫോർ യുഎഇ (അഖ്ദർ), സെക്യൂരിറ്റി മീഡിയ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്‌ഥർ ആദരവ് ഏറ്റുവാങ്ങും.

ഡിസംബർ മൂന്നിന് (ശനി) വൈകുന്നേരം നാലിന് ‘യുഎഇ വരകളിലൂടെ’ എന്ന പരിപാടി ഖാലിദിയ മാളിൽ നടക്കും. വിവിധ കേന്ദ്രങ്ങളിൽ നടന്ന ചിത്രരചനാ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 വിദ്യാർഥികൾ 45 ചിത്രങ്ങളിലൂടെ യുഎഇയുടെ ചരിത്രം അനാവരണം ചെയ്യും. ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ‘ലവ് ഫോർ യുഎഇ’ സർട്ടിഫിക്കറ്റുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സമ്മാനിക്കും.

ലുലു ഗ്രൂപ്പ്, എമിരേറ്റ്സ് ഫ്യൂച്ചർ അക്കാഡമി എന്നീ സ്‌ഥാപനങ്ങളാണ് പരിപാടികളുടെ മുഖ്യപ്രായോജകർ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള