ഇന്ത്യൻ വംശജ സീമ വർമയ്ക്ക് ട്രംപ് ഭരണകൂടത്തിൽ ഉന്നത പദവി
Wednesday, November 30, 2016 2:40 AM IST
ന്യൂയോർക്ക്: രണ്ടാമതൊരു ഇന്ത്യൻ വംശജയ്ക്കുകൂടി ട്രംപ് ഭരണകൂടത്തിൽ ഉന്നത പദവി. ആരോഗ്യവകുപ്പിലെ സെന്റേഴ്സ് ഫോർ മെഡികെയർ ആൻഡ് മെഡിക് എയ്ഡ് സർവീസിൽ അഡ്മിനിസ്ട്രേറ്ററായി ഡോ. സീമ വർമയെ നോമിനേറ്റു ചെയ്യാൻ തനിക്ക് ഏറെ സന്തോഷമുണ്ടെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ വംശജ നിക്കി ഹേലിയെ യുഎന്നിലെ അമേരിക്കൻ സ്ഥാനപതിയായി നോമിനേറ്റു ചെയ്തതിനു പിന്നാലെയാണ് ഡോ.സീമയെയും ട്രംപ് ഉന്നതപദവിയിൽ നോമിനേറ്റു ചെയ്തത്. കൂടുതൽ ഇന്ത്യൻ വംശജർ ട്രംപ് ഭരണകൂടത്തിൽ നിയമിക്കപ്പെടുമെന്നാണു സൂചന. നിക്കി ഹേലിക്ക് കാബിനറ്റ് പദവിയാണ്. ആരോഗ്യവകുപ്പ് തലവനായി യുഎസ് ജനപ്രതിനിധി സഭാംഗവും പ്രമുഖ സർജനുമായ ടോം െരപെസിനെയും ട്രംപ് നോമിനേറ്റു ചെയ്തു. ഒബാമ കെയർ ആരോഗ്യപദ്ധതി പിൻവലിക്കുകയായിരിക്കും അദ്ദേഹത്തിന്റെ പ്രധാനദൗത്യം. ഒബാമകെയർ നടപ്പാക്കില്ലെന്ന് പ്രചാരണവേളയിൽ ട്രംപ് പറഞ്ഞിരുന്നു. െരപെസും സീമയും മികച്ച ടീം ആയി പ്രവർത്തിക്കുമെന്നു ട്രംപ് പ്രത്യാശിച്ചു. ഇരുവരുടെയും നിയമനത്തിനു സെനറ്റിന്റെ സ്ഥിരീകരണം കിട്ടേണ്ടതുണ്ട്.