മെഗാ ആർട്ട് ഫെസ്റ്റിവൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ
Tuesday, November 29, 2016 10:08 AM IST
കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി മെഗാ ആർട്ട് ഫെസ്റ്റിവൽ ഒരുങ്ങുന്നു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സംഘടിപ്പിക്കുന്ന കലാമാമാങ്കത്തിൽ 21 സ്കൂളുകളിൽനിന്നായി രണ്ടായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും.

ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കമ്യൂണിറ്റി സ്കൂളിന്റെ സീനിയർ, ജൂണിയർ, അമ്മാൻ ശാഖകളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. കുവൈത്തിൽ ആദ്യമായാണ് ഇന്ത്യൻ വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ ആർട്ട് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി 80ഓളം ഇനങ്ങളിലാണ് വിദ്യാർഥികൾ മാറ്റുരയ്ക്കുക. സ്റ്റേജിതരമത്സരങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സീനിയർ സ്കൂളിലെ മൂന്ന് വേദികളിലും ജൂണിയർ, അമ്മാൻ ബ്രാഞ്ചുകളിലും സ്റ്റേജിനങ്ങൾ അരങ്ങേറും. കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ മാത്യു ജയിംസ് ലോഡ്ജ്, നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ, കുവൈത്ത് വിദ്യാഭ്യാസമന്ത്രാലയം പ്രതിനിധികൾ എന്നിവർ വ്യാഴാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ഗുരുപ്രണാമം എന്ന പ്രത്യേക പരിപാടിയോടെയാണ് കലാമേള ആരംഭിക്കുക. കലാമത്സര വിജയികൾക്ക് പത്മശ്രീ റസൂൽ പൂക്കുട്ടി സമ്മാനങ്ങൾ വിതരണം ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിൻ മുഖ്യാതിഥിയാകും.

വാർത്താസമ്മേളനത്തിൽ ആർട്ട് ഫെസ്റ്റിവൽ മുഖ്യസംഘാടകൻ ഡോ. വി. ബിനുമോൻ, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ബോർഡ് സെക്രട്ടറി അമീർ മുഹമ്മദ്, അമ്മാൻ സ്കൂൾ പ്രൻസിപ്പൽ രാജേഷ് നായർ, പ്രോഗ്രാം കൺവീനർ ജേക്കബ് ജോർജ്, ജോയിന്റ് കൺവീനർ സുനീഷ് മാത്യു എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ