നോട്ട് പിൻവലിക്കൽ: ഡബ്ല്യുഎംസി ഭാരവാഹികൾ ധനമന്ത്രിയെ സന്ദർശിച്ചു
Tuesday, November 29, 2016 6:01 AM IST
ന്യൂഡൽഹി: ഇരുപത്തിയെട്ടു മില്യനോളം വരുന്ന വിദേശ മലയാളികളുടെ നോട്ടു പിൻവലിക്കലിനോട് ബന്ധപ്പെട്ടുള്ള അടിയന്തര ആവശ്യങ്ങൾ ധനമന്ത്രിക്കു നൽകാനായി ഒരു നിവേദനം ശശി തരൂർ എംപിക്ക് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ കൈമാറി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കൈവശം ഇരിക്കുന്ന നോട്ടുകൾ ഇന്ത്യൻ കോൺസുലേറ്റിലോ വിദേശത്തുള്ള ഇന്ത്യൻ ബാങ്കുകളിലോ മാറ്റി എടുക്കാനുള്ള സൗകര്യം അല്ലെങ്കിൽ തങ്ങളുടെ ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാനുള്ള സാഹചര്യം ചെയ്തു കൊടുക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രിയെ ഏൽപ്പിക്കുന്നതിനൊപ്പം പ്രവാസികളുടെ ബുദ്ധിമുട്ടിനെ പറ്റി ധനമന്ത്രി അരുൺ ജറ്റ്ലിയെ ധരിപ്പിക്കാമെന്നു പാർലമെന്ററി കമ്മിറ്റി ഫോർ ഫോറിൻ അഫയേഴ്സ് ചുമതലകൂടി വഹിക്കുന്ന ശശി തരൂർ എംപി നേതാക്കൾക്ക് ഉറപ്പു നൽകി. അമേരിക്കയിൽ നിന്നും ബിസിനസ് ഫോറം ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഡൽഹി പ്രൊവിൻസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ്, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾക്ക് വേണ്ടി വേൾഡ് മലയാളി കൗൺസിൽ സമയോചിതമായി ഇടപെടുന്നതിനെ അമേരിക്ക റീജൺ പ്രസിഡന്റ് പി.സി. മാത്യു, ചെയർമാൻ ജോർജ് പനക്കൽ, സെക്രട്ടറി കുര്യൻ സഖറിയ, ട്രഷറർ ഫിലിപ്പ് മാരേട്ട് എന്നിവർ അഭിനന്ദിച്ചു.