യൂത്ത് ഇന്ത്യ ‘യൂത്ത് ലൈവ് 2016’ സമാപിച്ചു
Tuesday, November 29, 2016 5:57 AM IST
ജിദ്ദ: യൂത്ത് ഇന്ത്യ ജിദ്ദ നോർത്ത് ചാപ്റ്റർ വിവിധ കലാസാഹിത്യ സാംസ്കാരിക പരിപാടികൾ സമന്വയിപ്പിച്ചുകൊണ്ട് ‘യൂത്ത് ലൈവ് 2016‘ സംഘടിപ്പിച്ചു. ‘സമാധാനം മാനവികത’ എന്ന വിഷയത്തിൽ ഒരു മാസക്കാലമായി നടത്തിയ കാമ്പയിനിന്റെ കലാസാഹിത്യ പരിപാടികളുടെ സമാപനം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. കാമ്പയിനിന്റെ ഭാഗമായി യൂത്ത് ഇന്ത്യ പ്രവാസി മലയാളികൾക്കുവേണ്ടി കവിത രചന, പ്രബന്ധ രചന, ചെറുകഥാ രചന,സെൽഫി മത്സരം, വാട്സ്ആപ്പ് പ്രസംഗ മത്സരം, ചിത്ര രചന എന്നിവ സംഘടിപ്പിച്ചിരുന്നു.

സമാപന ദിവസം പാചക മത്സരം, മൂസ മമ്പാട് രചിച്ച മലർവാടി ബാല സംഘം അവതരിപ്പിച്ച സംഗീത ശില്പം, പ്രശസ്ത പ്രവാസി കലാകാരൻ ഉസ്മാൻ പാണ്ടിക്കാട് രചന നിർവഹിച്ച ഫ്യൂഷൻ ഡാൻസ്, പ്രഗത്ഭ ഗായകൻ മഷൂദ് തങ്ങളും സംഘവും അവതരിപ്പിച്ച ലൈവ്ഗാന മേള, മൂസ മമ്പാട് രചനയും സംവിധാനവും നിർവഹിച്ച സ്വർണ ഗോപുരം എന്ന നാടകം, യുവ കലാകാരി റഷാ നൗഫലിന്റെ ചിത്ര പ്രദർശനം എന്നിവ പരിപാടികളുടെ ഭാഗമായിരുന്നു.

കവിത രചനയിൽ നബീല പർവീസ്, സ്വാലിഹ മിസ്ഹബ്, നിസാർ കല്ലായി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. പ്രബന്ധ രചന മത്സരത്തിൽ ഷമീന ഉമർ, അൻഷു ഷിബു, മോളമ്മ മാത്യു എന്നിവർ വിജയികളായി. ചെറുകഥാ രചനയിൽ നബീല പർവീസ്, രഷ്മി സലീഫ്, സഹ്ല അൻവർ എന്നിവർ വിജയികളായി. വാട്സ്ആപ് പ്രസംഗ മത്സരത്തിൽ താരിഖ് അൻവർ, ഫൗസിയ അബ്ദുൾ മജീദ്, മുഹമ്മദ് കുട്ടി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. സെൽഫി കോണ്ടെസ്റ്റിൽ ആസിഫ് വിജയിയായി. സബ് ജൂണിയർ വിഭാഗം ചിത്ര രചന മത്സരത്തിൽ ഇബ്രാഹിം ഖലീൽ, ലെന, ഫൈസ ആസിഫ് എന്നീ കുട്ടികളും ജൂണിയർ വിഭാഗത്തിൽ ലിയ ഷാനവാസ്, റിദ ഫാത്തിമ, നിദ പറവത് എന്നീ കുട്ടികളും വിജയികളായി. പാചക മത്സരത്തിൽ അസീസിയ ടീം ഒന്നാം സ്‌ഥാനവും ഫൈസലിയ്യ ടീം രണ്ടാം സ്‌ഥാനവും ഷർഖ് മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

സാംസ്കാരിക സമ്മേളനം തനിമ ജിദ്ദ നോർത്ത് സോൺ പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അലി ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ ജിദ്ദ നോർത്ത് ചാപ്റ്റർ പ്രസിഡന്റ് ഉമർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. ഷിബു നവോദയ, കവി അരുവി മോങ്ങം, അഡ്വ. ഷംസുദ്ദീൻ, വി.കെ.ഷമീം, റഹ്മത്തുന്നീസ ടീച്ചർ, അബ്ദുൾ സത്താർ, മുനീർ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ