ഫീനിക്സ് ഹോളിഫാമിലിക്ക് പത്തു വയസ്, വാർഷികാഘോഷങ്ങൾ ഭക്‌തിസാന്ദ്രമായി
Tuesday, November 29, 2016 3:29 AM IST
ഫീനിക്സ്: ഫീനിക്സ് ഹോളഫാമിലി സീറോ മലബാർ ഇടവക പത്തുവയസു പിന്നിടുമ്പോൾ, അരിസോണയിലെ ഏറ്റവും ശക്‌തമായ ക്രൈസ്തവ സമൂഹമായി വളർന്നുകഴിഞ്ഞു. പത്തുവർഷങ്ങൾക്കു മുമ്പ് ഫാ. മാത്യു പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഫീനിക്സ് സീറോ മലബാർ മിഷൻ സ്വന്തമായ ദൈവാലയം ലഭിച്ചതോടെ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ ഇടവകയായി ഉയർത്തപ്പെടുകയാണുണ്ടായത്.

ഫാ. മാത്യു മുഞ്ഞനാട്ടിന്റെ നേതൃത്വത്തിൽ പുതിയ ദേവാലയവും പാരീഷ് ഹാളും സൺഡേ സ്കൂളും പണി പൂർത്തിയാതോടുകൂടി ഇടവകയുടെ ആത്മീയ വളർച്ചയും ഭൗതീക പുരോഗതിയും ധ്രുതഗതിയിലായി. ഐക്യവും കൂട്ടായ്മയും നിലനിർത്തിക്കൊണ്ടുള്ള വിശ്വാസി സമൂഹത്തിന്റെ മുന്നേറ്റം അഭിനന്ദനാർഹവും മറ്റു ക്രൈസ്തവ സമൂഹങ്ങൾക്ക് മാതൃകാപരവുമാണെന്ന് ഇടവക കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കവെ വികാരി ഫാ. ജോർജ് എട്ടുപറയിൽ പറഞ്ഞു. ഇടവക സമൂഹത്തിലെ പുതിയ തലമുറയും ആത്മീയ രംഗത്ത് മാത്രമല്ല, കലാ–സാംസ്കാരിക രംഗത്തും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ. ജോർജ് പറഞ്ഞു.



പത്താം വാർഷികാഘോഷങ്ങളും, കരുണാവർഷത്തിന്റെ സമാപനവും ഏകോപിപ്പിച്ചുകൊണ്ടുള്ള മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളാണ് ഈവർഷം ഇടവക സംഘടിപ്പിച്ചത്. വിവിധ വാർഡുകൾ ഒരുക്കിയ വിശ്വാസറാലി, നിശ്ചല ദൃശ്യാവിഷ്കാരങ്ങൾ എന്നിവ ആഘോഷങ്ങളെ ഭക്‌തിസാന്ദ്രമാക്കി. പരിപാടികളോടനുബന്ധിച്ചുള്ള വിവിധ തിരുകർമ്മങ്ങൾക്ക് ഷിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജേക്കബ് കാർമികത്വം വഹിച്ചു. വിജയകരമായ പത്തുവർഷങ്ങൾ പിന്നിട്ടതിന്റെ നന്ദിസൂചകമായി അർപ്പിച്ച കൃതജ്‌ഞതാബലിയിൽ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനായി. വികാരി ഫാ. ജോർജിനോടൊപ്പം മറ്റു നിരവധി വൈദീകരും സഹകാർമികരായി. അത്മായരും പുരോഹിതരും സന്യസ്തരും ഒരുമിച്ചുകൂടി വളരുമ്പോഴാണ് ക്രൈസ്തവ വിശ്വാസം ചൈതന്യവത്താകുന്നത്. വിശ്വാസം ഒരുമിച്ച് ജീവിക്കുന്ന ഇടവക സമൂഹത്തിന്റെ മേൽസ്‌ഥായിയായ ആത്മീയ– ഭൗതീക നന്മകൾ വർഷിച്ച് ദൈവം അനുഗ്രഹിക്കുമെന്നും ബിഷപ്പ് ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ സൂചിപ്പിച്ചു.

പള്ളി ട്രസ്റ്റിമാരായ മനോജ് ജോൺ, ജെയ്സൺ വർഗീസ്, പ്രസാദ് ഫിലിപ്പ് എന്നിവരാണ് പരിപാടികളുടെ ഏകോപനം നിർവഹിച്ചത്. വിവിധ കലാ–സാംസ്കാരിക ആഘോഷങ്ങളുടെ ഭാഗമായി വി. മദർ തെരേസയുടെ ജീവിതം ഇതിവൃത്തമാക്കി പ്രകാശ് മുണ്ടയ്ക്കൽ എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടകവും ഒരു അവിസ്മരണീയമായ അനുഭവമായി മാറി. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം