ഉഗാണ്ടയിൽ കലാപം; 55 പേർ കൊല്ലപ്പെട്ടു
Monday, November 28, 2016 2:27 AM IST
കമ്പാല: ഉഗാണ്ടയിലെ കാസെ നഗരത്തിൽ സുരക്ഷാസൈനികരും വിഘടനവാദി ഗ്രൂപ്പും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 55 പേർ കൊല്ലപ്പെട്ടു. വിഘടന വാദികളുടെ നേതാവായ ഗോത്ര രാജാവ് ചാൾസ് വെസ്ലി മുമ്പേറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാജാവിന്റെ ഗാർഡുകൾ പട്രോളിംഗ് നടത്തുന്ന സംഘത്തെ ആക്രമിച്ച് 14 പോലീസ് ഓഫീസർമാരെ വകവരുത്തിയതിനെത്തുടർന്നാണു കലാപം തുടങ്ങിയത്.

തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 41 വിഘടനവാദികൾ കൊല്ലപ്പെട്ടു. ഗാർഡുകളെ പിരിച്ചുവിടാൻ രാജാവിനോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാത്തതിനാലാണ് അറസ്റ്റിന് ഉത്തരവിട്ടതെന്ന് ഉഗാണ്ടൻ പ്രസിഡന്റ് മുസവേനി പറഞ്ഞു.

ഉഗാണ്ടയിലെയും കോംഗോയിലെയും ഏതാനും പ്രദേശങ്ങൾ ചേർത്ത് സ്വതന്ത്ര രാജ്യം സ്ഥാപിക്കാനാണു രാജാവിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ പദ്ധതി.