ടെക്സസിൽ വാഹനാപകടം: ഇന്ത്യൻ യുവതിയും കുഞ്ഞും ഉൾപ്പെടെ മൂന്നു മരണം
Monday, November 28, 2016 2:14 AM IST
മിസോറി: മിസോറി ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിയും കുഞ്ഞും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. പ്ലാനോ ടെക്സസിൽനിന്നുള്ള സുഷമ സെറ്റിപള്ളി (32), മകൻ മഹീദ്ര (2), കാർഡ്രൈവർ റോബർട്ട് ബാറ്റ്സൺ എന്നിവരാണ് മരിച്ചത്.

മിസോറി ഇന്റർ സ്റ്റേറ്റ് 44ൽ സിയന്ന വാനിൽ യാത്ര ചെയ്തിരുന്ന ഏഴുപേരടങ്ങുന്ന ഇന്ത്യൻ വംശജരാണ് അപകടത്തിൽപെട്ടത്. തെറ്റായ ദിശയിൽ കാറോടിച്ചുവന്ന റോബർട്ട്, സിയന്ന വാനിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാൻ റോഡിൽനിന്നും തെന്നി മറിയുകയായിരുന്നു.

അപകടത്തിൽ വാൻ ഓടിച്ചിരുന്ന സുക്ഷമയും കുഞ്ഞും കാർ ഡ്രൈവറും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. രത്നകുമാർ സെറ്റിപള്ളി (39) നാലുവയസുകാരി മകൾ കീർത്തന എന്നിവരെ ഗുരുതരമായ പരിക്കുകളോടെ സെന്റ് ലൂയിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്മയ ഗുല്ലപള്ളി (23), ഷൈഷ്ണലി (22), ടാഗോർ (21) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മിഷിഗണിൽ നടന്ന താങ്ക്സ് ഗിവിംഗ് പരിപാടിയിൽ പങ്കെടുത്തശേഷം ടെക്സസിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടം.

റിപ്പോർട്ട്: പി.പി. ചെറിയാൻ