നോട്ടുകൾ പിൻവലിക്കൽ: സാധാരണ ജീവിതത്തെ ബാധിച്ചതായി അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ
Saturday, November 26, 2016 7:42 AM IST
ഡാളസ്: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ പിൻവലിച്ചതിലൂടെ നാടാകെ ഞെരുങ്ങുമ്പോൾ കേരളത്തിലെ അനാഥാലയങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കടുത്ത പ്രതിസന്ധിയിലായതായി അമേരിക്കൻ മലയാളി വെൽഫെയർ അസോയിയേഷൻ സെക്രട്ടറി ജോ ചെറുകര അറിയിച്ചു

കറൻസി വിനിമയത്തിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും അനാഥാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികളുടെ ദൈനംദിനജീവിതത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വാങ്ങാൻ സാധിക്കാതെ വലയുകയാണ് മിക്ക സ്‌ഥാപനങ്ങളും. സുമനസുകൾ പതിവായി നൽകുന്ന തുകയാണ് ഇത്തരം സ്‌ഥാപനങ്ങളെ മുന്നോട്ടുനയിച്ചിരുന്നത്. എന്നാൽ കറൻസി പ്രതിസന്ധി വന്നതോടെ മനസുള്ളവർക്കുപോലും സഹായിക്കാൻ കഴിയാത്ത സ്‌ഥിതിയാണ്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവയ്ക്കൊക്കെ പണം നൽകി സഹായിക്കുന്നവരുണ്ടായിരുന്നു. എന്നാൽ കറൻസി നിരോധനത്തോടെ എല്ലാം തകിടം മറിഞ്ഞു. അന്തേവാസികളുടെ നിത്യചെലവുകൾക്കായി കരുതിവച്ചിരുന്ന നാമമാത്രമായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നില്ലെന്നതും സ്ഥാപനങ്ങളെ വലയ്ക്കുന്നു. സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടായിരുന്ന സ്ഥാപനങ്ങളും പണമിടപാട് നടത്താനാവാതെ വിഷമവൃത്തത്തിലായി.

അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേരളത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തങ്ങളെ പെട്ടന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പ്രതികൂലമായി ബാധിച്ചതായി ജോ ചെറുകര അറിയിച്ചു.

റിപ്പോർട്ട്: എബി മക്കപ്പുഴ