അലൈനിൽ മെഡിയോർ അന്തരാഷ്ര്‌ട ഹോസ്പിറ്റൽ തുറന്നു
Thursday, November 24, 2016 2:38 AM IST
അബുദാബി: വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിൽ അത്യാധുനിക സൗകര്യങ്ങളോടെ അലൈനിൽ പുതിയ ആശുപത്രിക്ക് തുടക്കമായി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.

അറുപതു കിടക്കകളോട് കൂടിയ ആശുപത്രിയിൽ ഏഴു വിഐപി മുറികളും സജീകരിച്ചിട്ടുണ്ടെന്നു മാനേജിങ് ഡയറക്ടർ ഡോ. ഷംസീർ വയലിൽ അറിയിച്ചു. ഫാമിലി മെഡിസിൻ, ഇന്റേണൽ മെഡിസിൻ, കാർഡിയോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഓർത്തോപീഡിക്, ഗ്യാസ്ട്രോഎന്ററോളജി , ന്യൂറോളജി, യൂറോളജി, ഓഫ്താൽമോളജി, ഇഎൻറ്റി, ഡെർമറ്റോളജി, ഡെന്റിസ്റ്ററി, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

മൾട്ടി സ്ലൈസ് സിറ്റി സ്കാൻ, വനിതാ റേഡിയോളജി വിഭാഗം, മാമ്മോഗ്രാഫി, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫാർമസി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭരണാധികാരിക്ക് പുറമെ നിരവധി ഉന്നത ഉദ്യോഗസ്‌ഥരും, ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം.എ യൂസഫലിയും സമ്മേളനത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള