ഫൈസലിന്റെ കുടുംബത്തിന് പെൻഷൻ നൽകും
Wednesday, November 23, 2016 7:38 AM IST
മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽ പുല്ലാണി ഫൈസൽ (32) കൊല്ലപ്പെട്ട സംഭവത്തിൽ ബഹറിൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. മതം മാറി എന്നതിന്റെ പേരിൽ പ്രവാസിയായ ഒരു യുവാവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ സംഭവം മത വിശ്വാസികളേയും പ്രവാസികളേയും ഒരുപോലെ ഞെട്ടിക്കുന്നതാണെന്നും പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കേരള സർക്കാർ ജാഗ്രത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റിയുടെ പ്രവാസി പെൻഷൻ പദ്ധതിയിലുൾപ്പെടുത്തി ഫൈസലിന്റെ ഭാര്യക്ക് മാസാന്ത വിധവാ പെൻഷൻ നൽകാനും യോഗം തീരുമാനിച്ചു. കൂടാതെ ഈ കുടുംബത്തിന് ബൈത്തു റഹ്മ അടക്കമുള്ള വിവിധ പദ്ധതികൾ ഇതര കെഎംസിസി മുസ് ലിംലീഗ് കമ്മറ്റികൾ ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

മനാമയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ വളാഞ്ചേരി, ഇഖ്ബാൽ താനൂർ, മുഹമ്മദലി വളാഞ്ചേരി, മുസ്തഫ പുറത്തൂർ, ശാഫി കോട്ടക്കൽ, ഉമ്മർ മലപ്പുറം, ശംസുദ്ദീൻ വെന്നിയൂർ, മൗസൽ മൂപ്പൻ, ആക്ടിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ, ജോ. സെക്രട്ടറി ആബിദ് ചെട്ടിപ്പടി എന്നിവർ സംസാരിച്ചു.