ഹോം സിനിമ ‘നിനച്ചിരിക്കാതെ’ റിലീസ് ചെയ്തു
Wednesday, November 23, 2016 7:37 AM IST
ദോഹ: ഹോം സിനിമാരംഗത്ത് കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി സജീവ സാന്നിധ്യമായ ബന്ന ചേന്ദമംഗല്ലൂർ സംവിധാനം ചെയ്ത ‘നിനച്ചിരിക്കാതെ’ ദോഹയിൽ റിലീസ് ചെയ്തു. ബ്രാഡ്മാ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസിന് ആദ്യ സിഡി നൽകി സിറ്റി എക്സ്ചേഞ്ച് ഐടി ആൻഡ് ബിസിനസ് ഡവലപ്മെന്റ് മാനേജർ ഷാനിബാണ് പ്രകാശനം നിർവഹിച്ചത്.

കെയർ ആൻഡ് ക്യൂയറിന്റെ ബാനറിൽ സിറ്റി എക്സ്ചേഞ്ച് നിർമിച്ചിരിക്കുന്ന ചിത്രത്തിന് ലത്തീഫ് ചെറുവണ്ണൂരാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. M80 മുസ, മറിമായം, ഫെയിം വിനോദ് കോവൂർ നായകനാവുന്ന ചിത്രത്തിൽ അനു സിതാരയാണ് നായിക. ഖത്തറിലെ കലാകരൻമാരായ ബാവ വടകര, രാജേഷ് രാജൻ, ഇഖ്ബാൽ ചേറ്റുവ, ജമാൽ വേളൂർ, സിന്ധു രാമചന്ദ്രൻ തുടങ്ങിയവരും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. ഗൾഫിൽ നിന്ന് വിവാഹത്തിനായി നാട്ടിലെത്തുന്ന നായകന്റെ പെണ്ണ് കാണൽ ചടങ്ങിലെ നർമവും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ദുരന്തവുമാണ് കഥാതന്തു. ചിത്രത്തിന്റെ ചില ഭാഗങ്ങൾ ദോഹയിൽ ചിത്രീകരിച്ചിട്ടുണ്ട്.

ബാലൻ കെ.നായർ അവാർഡടക്കം നാല് അവാർഡുകൾ സ്വന്തമാക്കിയ ‘ഒറ്റപ്പെട്ടവർ’ എന്ന ചിത്രത്തിന് ശേഷമാണ് ബന്ന ചേന്ദമംഗല്ലൂർ ‘നിനച്ചിരിക്കാതെ’ എന്ന ചിത്രം സംവിധാനം ചെയ്തത്. ‘ഉമർ മുഖ്താർ, റിസാല, ചിൻഡ്രൻ ഓഫ് ഹെവൻ’ എന്നീ അന്യഭാഷചിത്രങ്ങളുടെ ഡബിംഗ് ഡയറക്ഷൻ ചെയ്ത ബന്ന ചേന്ദമംഗല്ലൂർ ഊമക്കുയിൽ പാടുമ്പോൾ, KLപത്ത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

ദോഹയിലെ സാംസ്കാരിക പ്രവർത്തകയായ നജ്മ നസീർ കേച്ചേരി രചിച്ച് മഞ്ജരിയും എം.എ. ഗഫൂറും ആലപിച്ച മൂന്ന് ഗാനങ്ങൾ ചിത്രത്തിന്റെ ആകർഷണങ്ങളാണ്. സിനിമ യൂട്യൂബിലും ലഭ്യമാകുമെന്ന് സംവിധായകൻ ബന്ന ചേന്ദമംഗല്ലൂർ അറിയിച്ചു. മീഡിയ പ്ലസാണ് ചിത്രം ഖത്തറിൽ വിതരണത്തിനെത്തിക്കുന്നത്. സിഡി ആവശ്യമുള്ളവർ 4432 4853, 7046 7553 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ചടങ്ങിൽ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ബന്ന ചേന്ദമംഗല്ലൂർ, യുസുഫ് പി.ഹമീദ്, നജ്മ നസീർ, സി.കെ. റാഹേൽ തുടങ്ങിയവർ സംസാരിച്ചു.