എബനേസർ മാർത്തോമാ ചർച്ചിന്റെ 2016–ലെ ഫാമിലി നൈറ്റ് വാർണാഭമായി
Wednesday, November 23, 2016 3:04 AM IST
ന്യൂയോർക്ക്: എബനേസർ മാർത്തോമാ ചർച്ച്, ന്യൂയോർക്കിന്റെ 2016–ലെ ഫാമിലി നൈറ്റും, താങ്ക്സ് ഗിവിംഗ് ആഘോഷവും നവംബർ 19–നു ശനിയാഴ്ച 406 കിംഗ് സ്ട്രീറ്റിലുള്ള ചർച്ചിൽ വച്ചു കൊണ്ടാടി. വൈകിട്ട് 6.30–ന് വികാരി റവ. സോണി ഫിലിപ്പിന്റെ ആമുഖ പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കമായി. ചർച്ച് ഗായകസംഘത്തിന്റെ ഗാനാലാപനത്തിനുശേഷം സി.എസ് ചാക്കോ (പ്രോഗ്രാം കൺവീനർ) കുടുംബസംഗമ മേളയിലേക്ക് സ്വാഗതം ചെയ്തു.

റവ. സോണി ഫിലിപ്പിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം വൈവിധ്യമാർന്ന കലാപരിപാടികൾക്ക് തുടക്കമിട്ടു. ഇടവകയിലെ ഓരോ കുടുംബത്തിൽ നിന്നും ഓരോ പ്രോഗ്രാം വീതം അവതരിപ്പിച്ച ഈ സന്ധ്യയിൽ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുക്കുകയുണ്ടായി.

യുവജനങ്ങളുടെ നേതൃത്വത്തിൽ ഡാൻസ്, മാജിക് ഷോ, സംഘഗാനം എന്നിവ അവതരിപ്പിച്ചപ്പോൾ, മുതിർന്ന അംഗങ്ങൾ ഓട്ടൻതുള്ളൽ, ലഘു നാടകം എന്നിവ അവതരിപ്പിച്ച് ചടങ്ങിന് കൊഴുപ്പേകി. കുടുംബാംഗങ്ങൾ ഒന്നിച്ചുവന്ന് ഗാനങ്ങൾ ആലപിച്ചപ്പോൾ, ഹിന്ദി, ഇംഗ്ലീഷ്, മലയാളം സോളോ പാടി അരങ്ങ് തകർക്കുവാൻ കലാകാരന്മാരും കലാകാരികളും മത്സരിക്കുകയായിരുന്നു.



രാത്രി 9.30–നു റീന കൊച്ചമ്മയുടെ പ്രാർത്ഥനയ്ക്കും, വികാരി സോണി ഫിലിപ്പ് അച്ചന്റെ ആശീർവാദത്തോടുംകൂടി ഈവർഷത്തെ കുടുംബ സംഗമ ആഘോഷങ്ങൾക്ക് തിരശീല വീണു. ഈ പ്രോഗ്രാമിലേക്ക് കടന്നു വന്ന അതിഥികൾക്കും ഇടവക ജനങ്ങൾക്കും ജോൺ സാമുവേൽ നന്ദി രേഖപ്പെടുത്തി. ഇടവകയുടെ വകയായി താങ്ക്സ് ഗിവിംഗ് ഡിന്നറും ഒരുക്കിയിരുന്നു. സെക്രട്ടറി സി.എസ്. ചാക്കോ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം