ടെന്നിസിയിൽ ബസപകടം; ആറ് വിദ്യാർഥികൾ മരിച്ചു
Tuesday, November 22, 2016 9:35 AM IST
ചാറ്റനോഗ (ടെന്നിസി): ടെന്നിസിയിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടതിനെതുടർന്ന് ആറ് വിദ്യാർഥികൾ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 21ന് വൈകുന്നേരം നാലോടെയാണ് സംഭവം.

വുഡ്മോർ സ്കൂളിലെ കിന്റർ ഗാർഡൻ മുതൽ അഞ്ചാം ക്ലാസ് വരെയുളള 35 വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മരത്തിൽ ഇടിച്ചതിനെത്തുടർന്ന് രണ്ടായി പിളരുകയായിരുന്നു. മരിച്ചവരേയും പരിക്കേറ്റവരേയും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ചാറ്റിനോഗയിലെ എർലംഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് ചാറ്റിനോഗ പോലീസ് ചീഫ് ഫ്രഡ് ഫ്ലച്ചർ പറഞ്ഞു. ഇരുപത്തഞ്ചുകാരനായ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഹാമിൽറ്റൺ കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി നീൽ പിങ്ക്സ്റ്റൺ മാധ്യമങ്ങളെ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ