ഫാ. ജോർജ് എളമ്പാശേരിലിന്റെ പൗരോഹിത്യ ജൂബിലി ആഘോഷം 26ന്
Tuesday, November 22, 2016 9:34 AM IST
ഡാളസ്: ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന പള്ളി വികാരി ഫാ. ജോർജ് (ജോഷി) എളമ്പാശേരിലിന്റെ പൗരോഹിത്യ രജത ജൂബിലിയാഘോഷവും കൃതജ്‌ഞതാ ബലിയും നവംബർ 26ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞ് 3.45ന് ഫാ ജോർജ് എളമ്പാശേരിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധകുർബാന നടക്കും. ഇടവകയിലെ മുൻ വൈദികർ, രൂപതയിൽ നിന്നെത്തുന്ന മറ്റു വൈദികർ എന്നിവരും ഫാ. എളമ്പാശേരിലിന്റെ നാട്ടിൽ നിന്നെത്തിയ കുടുംബാംഗങ്ങളും വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. മാർ ജേക്കബ് അങ്ങാടിയത്ത് വചന സന്ദേശം നൽകും. തുടർന്ന് സെന്റ് തോമസ് ജൂബിലി ഹാളിൽ നടക്കുന്ന സമ്മേളനം മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തുന്ന വൈദികർ പ്രസംഗിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും.

കോട്ടയം കടപ്ലാമറ്റം ഇടവകയിൽ എളമ്പാശേരിൽ വർക്കി ചെറിയാൻ–മേരി ദമ്പതികളുടെ മകനായി ഫാ. ജോർജ് ജനിച്ചു. കോട്ടയം വടവാതൂർ സെമിനാരിയിൽ നിന്ന് 1992 ജനുവരി രണ്ടിന് മാർ ജോസഫ് പള്ളിക്കാപറമ്പിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻ അസിസ്റ്റന്റ് വികാരിയായി വൈദിക സേവനം ആരംഭിച്ചു. മേലുകാവുമറ്റം സെന്റ് തോമസ് ദേവാലയം, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയം, ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന ദേവാലയം, പാലാ കീഴ്തടിയൂർ സെന്റ് ജോസഫ് (സെന്റ് ജൂഡ്) ദേവാലയം, മരങ്ങോലി സെന്റ് മേരീസ് എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചശേഷം 2010 ലാണ് അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ സേവനത്തിനായി ഫാ. ജോർജ് നിയമിതനാകുന്നത്. 2010 മുതൽ 2015 വരെ ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ വികാരിയായിരുന്നു.

പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജൂബിലിയാഘോഷ കോഓർഡിനേറ്റർ ജോസഫ് വലിയവീട് (മോൻസി), ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ, സാലിച്ചൻ കൈനിക്കര എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ