സൈൻ ജിദ്ദ ചാപ്റ്റർ ജൂണിയർ ടാലന്റ് ക്ലബ് രൂപീകരിക്കുന്നു
Tuesday, November 22, 2016 9:28 AM IST
ജിദ്ദ: വിദ്യാർഥികളുടെ സർവതോൻമുഖമായ വികസനവും കഴിവുകൾ കണ്ടെത്താനും അവതരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമാക്കി സൈൻ ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂണിയർ ടാലന്റ് ക്ലബ് എന്ന പേരിൽ ക്ലബ് രൂപീകരിക്കുന്നു.

ലീഡ് 2020 എന്ന പ്രോജക്ട് അവസാനിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു ക്ലബ് രൂപീകരിക്കാൻ സൈൻ ജിദ്ദ തീരുമാനിച്ചത്. ജിദ്ദയിലെ ഇന്ത്യൻ സ്കൂളുകളിൽ ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ചിരുന്ന 4500 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 80 കുട്ടികൾക്കാണ് ലീഡ് 2020 പരിശീലനം നൽകിയത്.

എന്നാൽ ജൂണിയർ ടാലന്റ് ക്ലബിൽ താത്പര്യമുള്ള ആർക്കും അംഗങ്ങൾ ആകാവുന്നതാണ്. പഠന പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന പരിപാടികൾക്ക് പുറമെ കല കായിക പ്രവർത്തനങ്ങളും വിവിധ മേഖലകളിൽ പരിശീലനങ്ങൾ, മികവ് പരിശോധനകൾ, അഭിരുചി പരിശോധകങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, അഭിമുഖങ്ങൾ, പ്രോജക്ടുകൾ, ജേണലിസം, അവതരണങ്ങൾ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് ഇടപെടാനുള്ള അവസരങ്ങൾ ക്ലബിൽ ഉണ്ടായിരിക്കും. അംഗത്വത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്.

വിവരങ്ങൾക്ക്: signjtcjeddah@gmail.com, 0565144532,0553305985.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ