വർഗീയതയും വംശീയതയും സമൂഹത്തെ ബാധിക്കുന്ന കാൻസർ: കെ.പി. രാമനുണ്ണി
Tuesday, November 22, 2016 9:28 AM IST
ജിദ്ദ: സമൂഹത്തെ ബാധിക്കുന്ന കാൻസർ ആയി മാറിയിരിക്കുകയാണ് വർഗീയതയും വംശീയതയും എന്ന് പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിനാൻസ് ക്യാപിറ്റലിസത്തിന്റെ ശക്‌തികൾ ആണ് വർഗീയതയും കലാപങ്ങളും സൃഷ്‌ടിക്കുന്നത്. ന്യൂനപക്ഷ വർഗീയതയിലൂടെ ഭൂരിപക്ഷ വർഗീയതയെ പ്രോത്സഹിപ്പികുകയാണ് ചെയ്യുക. നേതാക്കൾ കൂടിയിരുന്നാൽ രാഷ്ര്‌ടീയ കൊലപാതകങ്ങൾ നിമിഷങ്ങൾ കൊണ്ട് അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം ഹൈന്ദവരും എല്ലാ ഭക്ഷണവും കഴിക്കുന്നവർ ആണ്. വേദങ്ങളിൽ അടക്കം മാംസ ഭക്ഷണത്തെക്കുറിച്ച് പറയുന്നുണ്ടെന്നിരിക്കെ എന്തിനു വേണ്ടിയാണു മാംസത്തിന്റെ പേരിലുള്ള കൊലബധകമെന്നു അറിയുന്നില്ല. സാധാരണ ജനതക്ക് വർഗീയത ഇല്ലെന്നും പാരമ്പര്യത്തെ തൊട്ടു ഉണർത്തി വർഗീയതയെ പ്രതിരോധിക്കണം. ഭീതിയോടെ മലപ്പുറത്തേക്ക് ജോലിക്കുവന്ന പല ഉദ്യോഗസ്‌ഥരും റിട്ടയർമെന്റിനു ശേഷവും മലപ്പുറത്ത് തുടരുന്നത് മലപ്പുറത്തെ മനുഷ്യ സ്നേഹമാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ ഫോറം പ്രസിഡന്റ് ജാഫർ അലി ബൊക്ക നൽകി സ്വീകരിച്ചു. സെക്രട്ടറി അബ്ദുറഹ്മാൻ വണ്ടൂർ, ട്രഷർ കബീർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ